ഇടുക്കി : ഫിഷറീസ് വകുപ്പ്, ഉൾനാടൻ ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം എന്ന പരിപാടിയുടെ രണ്ടാം ഘട്ടം അറക്കുളത്ത് നടത്തി. പൊതു ജലാശയങ്ങളിലെ ശുദ്ധജല മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി അറക്കുളം വലിയാറിലെ സെന്റ് മേരീസ് കടവിൽ നാഷണൽ ഫിഷ് സീഡ് ഫാമിൽ നിന്നെത്തിച്ച 50000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. രോഹു, മൃഗാൽ എന്നീ മത്സ്യങ്ങളുടെ 2.5 ലക്ഷം കുഞ്ഞുങ്ങളെയാണ് അറക്കുളത്ത് നിക്ഷേപിച്ചതെന്ന് ജില്ലാ ഫിഷറീസ് വകുപ്പധികൃതർ പറഞ്ഞു. അറക്കുളം ഗ്രാമപഞ്ചായത്തംഗം നിരോഷ അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ബിജി വേലുക്കുട്ടൻ മത്സ്യ നിക്ഷേപത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ലീലാ ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഫിഷറീസ് ഓഫീസ് ജീവനക്കാരായ സുലൈമാൻ.കെ.എ., ലിബിൻ പി.ബി., കണ്ണൻ.പി, ഷനുബ്, സ്വാതിഷ്.ആർ. ചന്ദ്രകുമാർ, അമീർ മുഹമ്മദ്, അനൂജ, ഹസീന എന്നിവരും മത്സ്യ കർഷകരും ചടങ്ങിന് നേതൃത്വം നൽകി.