തൊടുപുഴ: അർഹരായ എല്ലാ ആദിവാസികൾക്കും പട്ടയം നൽകണമെന്ന് ആദിവാസി കർഷകസംരക്ഷണസമിതി ആവശ്യപ്പെട്ടു. കരിമണ്ണൂർ ഭൂമി പതിവ് ഓഫീസിന് കീഴിലുള്ള ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം വില്ലേജുകളിൽ താമസിക്കുന്ന ആദിവാസികളുടെ കൈവശത്തിലിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന ആവശ്യം പലതവണ വിവിധ കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയാണ്. ഇവരുടെ കൈവശഭൂമികൾ ജെണ്ടയ്ക്ക് വെളിയിലാണെന്നും ആവശ്യത്തിന് രേഖകൾ ഉള്ളതാണെന്നും ബോദ്ധ്യമായിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവം തുടരുകയാണ്. ഇതിനെതിരെ ആദിവാസി കർഷകസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നാളെ കരിമണ്ണൂർ ഭൂമി പതിവ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ആദിവാസി കർഷകസംരക്ഷണസമിതി കൺവീനർ ഇ. കെ. രാജപ്പൻ, ഒ. എൻ സദാശിവൻ, എം. കെ. വിജീഷ് , എം. എ ശശി, കെ. ഇ. ദാമോദരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.