വൈകിട്ട് രണ്ട് ജനറേറ്ററുകൾ പ്രവർത്തനം തുടങ്ങി
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ എല്ലാ ജനറേറ്ററുകളും ഇന്നലെ പകൽ നിർത്തിവെച്ചു. ശീതീകരണ സംവിധാനത്തിലെ തകരാർ പരിഹരിക്കാനാണ് പവർ ഹൗസ് ഷട്ട് ഡൗൺ ചെയ്തത്. വൈകിട്ട് ഏഴ് മണിയോടെ രണ്ട് ജനറേറ്ററുകൾ പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിലെ ഒന്ന്, രണ്ട് ജനറേറ്ററുകൾ പുനരുദ്ധാരണത്തിലാണ്. ആറാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലുമാണ്.
പവർ ഹൗസ് ഷട്ട് ഡൗൺ ചെയ്തതോടെ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഇതോടെ അറക്കുളം, കുടയത്തൂർ, മുട്ടം, കരിങ്കുന്നം, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ കുടിവെള്ള പമ്പിങ് മുടങ്ങി. മലങ്കര ചെറുകിട വൈദ്യുതി പദ്ധതിയിൽ 3.5 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ പകൽ പുഴ ഏതാണ്ട് വറ്റിയതോടെ ഈ മേഖലയിൽ മത്സ്യക്കൊയ്ത്തായിരുന്നു. 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളാണ് മൂലമറ്റം പവർ ഹൗസിലുള്ളത്.