കട്ടപ്പന: ഉപജില്ലയിൽ നിന്ന് അപ്പീലുമായെത്തി വഞ്ചിപ്പാട്ടിൽ ഹാട്രിക് വിജയം നേടി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് സ്‌കൂൾ. എച്ച്.എസ് വിഭാഗത്തിലാണ് തുടർച്ചയായി മൂന്നാം വർഷവും കുമാരമംഗലം ഒന്നാമതെത്തിയത്. ഉപജില്ലയിൽ മൂന്നാം സ്ഥാനത്തായി പോയ ടീം അപ്പീലുമായി കട്ടപ്പനയിലെത്തി മത്സരിച്ചാണ് മിന്നും ജയം നേടിയത്. താലക്ഷ്മി, മീനാക്ഷി സഗന, മാളവിക, ആതിര, അനാമിക, അരുണിമ, മീനാക്ഷി ആർ.എസ്, അഞ്ജന, നന്ദന ഷാജു, നന്ദന വിജയ് എന്നിവരാണ് മത്സരിച്ചത്. ആറന്മുള ശൈലിയിൽ ഭീഷ്മപർവത്തിലെ ദേവദേവൻ ജഗന്നാഥൻ... എന്ന് തുടങ്ങുന്ന ഈരടിയാണ് ഇവർ വേദിയിൽ അവതരിപ്പിച്ചത്. ചങ്ങനാശേരി സ്വദേശി മംഗളദാസാണ് മൂന്ന് വർഷങ്ങളിലും ഇവരെ പരിശീലിപ്പിച്ചത്.