തൊടുപുഴ: സി. എസ്. ഡി. എസിന്റെ കുടുംബസംഗമം എന്ന പേരിൽ കുമളിയിൽ നടക്കുന്ന പരിപാടിയുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടവർ സംഗമം നടത്തുന്നുവെന്ന പേരിൽ വൻ പണപ്പിരിവ് നടത്തുന്നത് സംഘടനയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതായി ബോദ്ധ്യപ്പെട്ടതോടെ ക്രിമിനൽകേസ് ബന്ധപ്പെട്ടവർക്കെതിരെ കൊടുത്തിട്ടുണ്ട്. സി. എസ്. ഡി. എസ്. ഒരു പരിപാടിയുടെ പേരിലും പൊതുജനങ്ങളിൽിന്നോ സ്ഥാപനങ്ങളിൽ നിന്നോ പിരിവ് വാങ്ങാറില്ല. സമാജ് വാദി പാർട്ടിയിൽ ചേർന്ന മുൻ സി. എസ്. ഡി. എസ് പ്രവർത്തകരുടെ സംഗമം രാഷ്ട്രീയ നേതാക്കളെഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം സംഘടനയുടെ കൊടിയും മറ്റും ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ കോടതിയെ സമീപിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ. കെ.സുരേഷ് പറഞ്ഞു.സംഘടയുടെ സംസ്ഥാന കുംബസംഗമം 23, 24, 25 തിയതികളിൽ ആലപ്പുഴയിൽ നടക്കും. 25 ന് നടക്കുന്ന സംഗമ റാലിയിൽ അരലക്ഷം പ്രവർത്തകർ പങ്കെടുക്കും.

ലിംഗ സമത്വം വേണം

ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാണ് സംഘടന നിർദേശിക്കുന്നത്. ലിംഗ സമത്വം എല്ലാ തലങ്ങളിലും വേണം. നവോദ്ധാന മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള വേദി എന്ന നിലയിലാണ് നവോദ്ധാന സമിതിയിൽ സി. എസ്. ഡി. എസ് പങ്കാളിയായത്. അത് ഒരു രാഷ്ട്രീയ ചേരിയല്ല. തങ്ങൾക്ക് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടനയ്ക്ക് നൽകിയ ഉറപ്പുകൾ അവഗണിച്ചിട്ടേയുള്ളുവെന്ന് കെ. കെ. സുരേഷ് പറഞ്ഞു. സംഘടനയ്ക്ക് ആട്സ് ആന്റ് സയൻസ് കോളേജ് അനുവദിച്ചത് പോലും റദ്ദാക്കി. ഇക്കാര്യത്തിൽ അനുഭാവ പൂർവ്വമായ സമീപനം മുഖ്യമന്ത്രിയിൽ നിന്നുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പ് തങ്ങൾ വിശ്വസിക്കുകയാണെന്ന് സംസ്ഥാനപ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി. കെ. തങ്കപ്പൻ, ട്രഷറാർ ഷാജി മാത്യു, വൈസ് പ്രസിഡന്റ് പ്രവീൺ വി. ജയിംസ്, സി. എസ്. എം. എഫ് സംസ്ഥാന പ്രസിഡന്റ് പ്രസന്ന ആറാണ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.