തൊടുപുഴ : ജർമ്മനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ ഇടച്ചേരി പുഴാതി സുരഭി വീട്ടിൽ ദിവിഷിത് ആണ് പിടിയിലായത്. അരിക്കുഴ മേക്കാട്ട് സ്വദേശി അമലിന്റെ പരാതിയിലാണ് അറസ്റ്റ്. ജർമ്മനിയിലെ ബർലിനിൽ ജോലി വാഗ്ദാനം ചെയ്ത ദിവിഷിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. ദിവിഷിത്തിനെ ബന്ധപ്പെട്ട് ജോലി ക്കായി ഒന്നരലക്ഷം രൂപ അമൽ കൈമാറി. ജർമ്മനിയിൽ ജോലിക്ക് സാദ്ധ്യത കുറവായെന്നും കാനഡയിൽ ജോലി നൽകാമെന്നും അമലിനെ അറിയിച്ചു. ഇതിനുവേണ്ടി ആദ്യം അൻപതിനായിരം രൂപയും പിന്നീട് ഒന്നരലക്ഷം രൂപയും കൈപ്പറ്റി. പ്രതി പറഞ്ഞതനുസരിച്ച് അമൽ ഇന്തോനേഷ്യയിലെത്തുകയും ബില്ലി എന്നയാൾക്ക് 2500 ഡോളർ കൈമാറുകയും ചെയ്തു. പിന്നീട് ജോലി ശരിയാകാത്തതിനെ തുടർന്ന് അമൽ തൊടുപുഴപൊലീസിൽ പരാതി നൽകുകയായിരുന്നു. മലബാർ മേഖലയിൽ നിന്നും ഒരു ഡസനിലേരെ യുവതീ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് പ്രതി കബളിപ്പിച്ചതായും പരാതിയുണ്ട്. എസ്. ഐ സി.കെ. രാജുവിന്റെ നേതൃത്വത്തിൽ സി പി ഒ മാരായ റഷീദ്, അനൂപ് എന്നിവർ ചേർന്നാണ് കണ്ണൂരിൽ നിന്നും ദിവിഷിത്തിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.