കട്ടപ്പന: ഒന്നും രണ്ടുമല്ല ഒമ്പത് വർഷമായി കോൽക്കളിയിൽ ഇടുക്കിയുടെ മുഖമാണ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്. കോയ മാഷും പിള്ളേരും വെറും സ്ട്രോങ്ങല്ല ഡബിൾ സ്ട്രോംഗാണെന്ന് ഇത്തവണയും തെളിയിച്ചു. ഹയർസെക്കൻഡറി വിഭാഗം കോൽക്കളി മത്സരത്തിലാണ് കരിങ്കുന്നം സ്‌കൂൾ തുടർച്ചയായി ഒമ്പതാം വട്ടവും വിജയിച്ചത്. കോഴിക്കോട് സ്വദേശിയായ കോയ ഗുരുക്കളുടെ ശിഷ്യണത്തിലാണ് ഇവർ കോൽകളി അഭ്യസിക്കുന്നത്. മോയീൻ കുട്ടി വൈദ്യരുടെ ബദറിന്റെ ധീരാ.... എന്ന ഈരടികളിലായിരുന്നു കളി അവതരണം. അലൻ ജോഷി, റോഷൻ രാജു, ദീപക് രാജു, സുബിൻ സണ്ണി, ആദർശ്, അനന്തു, ജെറിൻ, ഡാനി, ശ്രാവൺ, അലൻ തോമസ്, അലൻ ദീപു എന്നിവരാണ് കോൽക്കളി സംഘാംഗങ്ങൾ. കൊട്ടും പാട്ടും താളവും സമന്വയിക്കുന്ന ചുവടുകളും പുതുമയുമാണ് കരിങ്കുന്നം സ്‌കൂളിനെ തുടർച്ചയായി വിജയ കിരീടം ചൂടിക്കുന്നതിന് പിന്നിലെ കാരണമെന്ന് പരിശീലകനും കോയ ഗുരുക്കളുടെ ശിഷ്യനുമായ ബിബിനും ഹാഫിസും പറഞ്ഞു. എച്ച്.എസ് വിഭാഗത്തിൽ തൊടുപുഴ ജയ്‌റാണി
ഇ.എം.എച്ച്.എസ്.എസ് തുടർച്ചയായ രണ്ടാം തവണയും വിജയികളായി. മലപ്പുറം
സ്വദേശി മാഹിന്റെ കീഴിൽ പരിശീലനം നേടിയാണ് രണ്ടു തവണയും ജയ്‌റാണി സ്‌കൂൾ വിജയികളായത്.