തൊടുപുഴ: സ്വകാര്യ ബസിനെ മറികടന്ന് എതിരെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കാതെ വെട്ടിച്ചു മാറ്റിയ പൊലീസ് ജീപ്പ് സാഹസികമായി ഓടയിൽ ചാടിച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചക്ക് 12.20 ന് മടപറമ്പിൽ റിസോർട്ടിനു സമീപത്തുള്ള വളവിലായിരുന്നു സംഭവം. മുന്നിൽ പോയ സ്വകാര്യ ബസിനെയും ഓട്ടോറിക്ഷയെയും മറികടന്നു വന്ന കെഎസ്ആർടിസി ബസാണ് പൊലീസ് ജീപ്പിന് നേരെ ചെന്നത്. പൊലീസ് ജീപ്പ് ഓടിച്ചിരുന്ന മുട്ടം സ്റ്റേഷനിലെ ഡ്രൈവർ അനൂപ് അപകടം മുന്നിൽ കണ്ട് ജീപ്പ് പെട്ടന്ന് വെട്ടിച്ച് ഓടയിൽ ചാടിക്കുകയായിരുന്നു. മുട്ടം സ്റ്റേഷനിൽ നിന്ന് തൊടുപുഴക്ക് പോയ പൊലീസ് ജീപ്പിൽ ഡ്രൈവറെക്കൂടാതെ സി പി ഒ മാരായ ദീപക്ക്, ഫൈസൽ, അബി എന്നിവരും ഉണ്ടായിരുന്നു. തൊടുപുഴയിൽ നിന്നു കട്ടപ്പനയ്ക്കുപോയ കെഎസ്ആർടിസി ബസാണ് അമിത വേഗത്തിൽ പാഞ്ഞുവന്നത്. അമിതവേഗത്തിനും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കെഎസ്ആർടിസി ഡ്രൈവറുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.