തൊടുപുഴ: വഴിവിളക്കുകൾ ഉണ്ട്, പക്ഷെ ഉള്ളതിലധികവും തെളിയില്ലെന്ന് മാത്രം. തൊടുപുഴ - മൂലമറ്റം സംസ്ഥാന പാതയിൽ സ്ഥാപിച്ചിരിക്കുന്ന വഴി വിളക്കുകളിൽ ഭൂരിഭാഗവും മാസങ്ങളായി പ്രകാശിക്കാതിരിക്കുകയാണ്. ഇത് സംബന്ധിച്ച് പ്രദേശ വാസികളും വഴി യാത്രക്കാരും വിവിധ സംഘടനകളും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന - കെ എസ് ഇ ബി അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. എം. പി., എം എൽ എ എന്നിവരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടി ഘോഷിച്ച് പ്രധാന കവലകളിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചെങ്കിലും പലതും പ്രവർത്തന രഹിതമാണ്. തൊടുപുഴ - മൂലമറ്റം റോഡിന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകൾ തെളിയാത്ത വഴിവിളക്കിനും കെ എസ്ഇ ബി യിൽ കൃത്യമായി പണം അടച്ച് വരുകയാണെന്നുള്ളതാണ് മറ്റൊരു വസ്തുത.

രണ്ട് മാസം കൂടുംതോറും ഓരോ പഞ്ചായത്തും 15000 രൂപയിലേറെയാണ് വഴിവിളക്കിന്റെ പേരിൽ കെ എസ് ഇ ബി യിൽ അടക്കുന്നത്. എന്നാൽ വിളക്കുകൾ കൃത്യമായി പ്രവർത്തിക്കുന്നുമില്ല.

വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകളാണ് കാൽനടയാത്രക്കാർക്ക് ഏക ആശ്വാസം. വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് അടയ്ക്കുന്നതോടെ വിജനമായ വഴിയിലൂടെ രാത്രി സഞ്ചരിക്കണമെങ്കിൽ കാൽ നടയാത്രക്കാർ ടോർച്ചോ മെഴുകുതിരിയോ കരുതണം.

കുളമാവ് മുതൽ കാഞ്ഞാർ വരെയുള്ള അറക്കുളം പഞ്ചായത്തിലെ 19 കിലോമീറ്ററിനുള്ളിൽ 4 വിളക്കുകൾ മാത്രമാണ് മാസങ്ങളായി തെളിയുന്നത്. ഇതിൽ ഒരു വിളക്ക് അറക്കുളത്ത് ഒരു വീട്ടുടമ തന്റെ വീടിനു മുന്നിൽ സ്വന്തമായി വാങ്ങി സ്ഥാപിച്ചതാണ്.

അറക്കുളം അശോക കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കിലെ 6 ബൾബുകളിൽ 2 എണ്ണം മാത്രമാണ് തെളിയുന്നത്. കാഞ്ഞാറിലെ ഹൈമാസ്റ്റ് വിളക്കിൽ ഒരു ബൾബ് മാത്രമാണ് തെളിയുന്നത്. കുടയത്തൂരിലും മുട്ടത്തുമുള്ള ഹൈമാസ്റ്റ് വിളക്കുകൾ ചില ദിവസം മാത്രം തെളിയും.

നേട്ടം ഇവർക്ക്

പലയിടങ്ങളിലും മോഷണം പതിവായി

മാലിന്യം നിക്ഷേപിക്കുന്നവർക്ക് സൗകര്യമായി

വഴിവിളക്ക് പ്രശ്നം കൂടുതൽ ഇവിടെ

നഗരസഭ.

തൊടുപുഴ

പഞ്ചായത്ത്‌.

കരിങ്കുന്നം

മുട്ടം

കുടയത്തൂർ

അറക്കുളം