കട്ടപ്പന: വഞ്ചിപ്പാട്ട് മത്സരത്തിനിടെ വിധി കർത്താവും സ്റ്റേജ് ഒഫിഷ്യലും തമ്മിൽ തർക്കം. ഏഴാം വേദിയായ ഓസാനം ആഡിറ്റോറിയത്തിൽ എച്ച്.എസ് വിഭാഗം വഞ്ചിപ്പാട്ട് മത്സരങ്ങൾക്ക് ശേഷം ഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് സംഭവം. വിധിപറയുന്നതിന് മുന്നോടിയായി ജഡ്ജിന്റെ ഉപദേശം സ്റ്റേജ് ഒഫിഷ്യൽ തടയാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. വഞ്ചിപ്പാട്ടിൽ താളത്തിനും ഈണത്തിനുമല്ല അക്ഷര സ്ഫുടതയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്നും ഇനി മത്സരിക്കുന്നവരെങ്കിലും ഇതു ശ്രദ്ധിക്കണമെന്നാണ് വിധി കർത്താവ് പറഞ്ഞത്. വിധികർത്താവ് സംസാരിക്കുന്നതിനിടെ അടുത്തെത്തിയ സ്റ്റേജ് ഒഫിഷ്യൽ നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ വിധികർത്താവ് ഇതൊന്നും പറയാൻ അനുവദിച്ചില്ലെങ്കിൽ പിന്നെ എന്തിനാണിവിടെ തന്നെ വിളിച്ചതെന്ന് ചോദിച്ച് മൈക്ക് സ്റ്റേജിലിട്ട് സീറ്റിൽ പോയിരുന്നു. വിധികർത്താവിന് പിന്തുണയുമായി മത്സരാർത്ഥികളും പരിശീലകരും രംഗത്തെത്തി. ഈ സമയം പൊലീസും സ്ഥലത്തെത്തി. അഞ്ച് മിനിട്ടോളം തർക്കം തുടർന്നെങ്കിലും പിന്നീട് മത്സരം സുഗമമായി നടന്നു.