കട്ടപ്പന: ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ കട്ടപ്പന ഓവറോൾ കിരീടത്തിൽ മുത്താമിടാനൊരുങ്ങുന്നു. മൂന്നാം ദിവസം 169 മത്സരങ്ങൾ പൂർത്തിയായപ്പോൾ യു.പി വിഭാഗത്തിൽ 115 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 284 പോയിന്റും നേടിയാണ് കട്ടപ്പന ഉപജില്ലയുടെ തേരോട്ടം. തൊടുപുഴയും നെടുങ്കണ്ടവുമാണ് രണ്ടാം സ്ഥാനത്തുള്ളത്. എച്ച്.എസ് വിഭാഗത്തിൽ 276 പോയിന്റുമായി ഒന്നാമത് കുതിക്കുന്ന തൊടുപുഴയ്ക്ക് തൊട്ടുപിന്നിൽ 251 പോയിന്റുമായി കട്ടപ്പനയുണ്ട്. സ്‌കൂളുകളിൽ എച്ച്.എസ് വിഭാഗത്തിൽ 96 പോയിന്റും എച്ച്.എസ്.എസ് വിഭാഗത്തിൽ 118പോയിന്റുമായും കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് ഇന്നലെ ഒന്നാമതെത്തി. യു.പി വിഭാഗത്തിൽ 39 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസാണ് ഒന്നാമത്. ഇതുവരെ 32 അപ്പീലുകളാണ് അപ്പീൽ കമ്മിറ്റിയ്ക്ക് ലഭിച്ചത്.