കട്ടപ്പന: നാല് വർഷം മുമ്പത്തെ ജില്ലാ കലോത്സവത്തിലെ മികച്ച നടനായ കൊച്ചുപയ്യൻ ഈ കലോത്സവത്തിൽ തട്ടിൽ കയറ്റിയത് ഒരു പറ്റം മികച്ച നടീ- നടന്മാരെ. ലബ്ബക്കട ജെ.പി.എം കോളേജിലെ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിയായ അനന്ദു ഉല്ലാസിന്റെ ശിക്ഷണത്തിൽ നാടകം കളിച്ച അഞ്ച് കുട്ടികളാണ് മികച്ച നടീനടന്മാരായത്. അനന്ദു പുത്തുമല ദുരന്തം പ്രമേയമാക്കി എഴുതി സംവിധാനം ചെയ്ത 'ബാക്കിപത്രം" എന്ന മലയാളം നാടകത്തിനാണ് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഈ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ്മോനും പാർവതിയുമാണ് മികച്ച നടനും നടിയും. അനന്ദു സംവിധാനം ചെയ്ത എച്ച്.എസ് വിഭാഗം സംസ്കൃത നാടകം 'ചിലപ്പതികാര"ത്തിനും ഒന്നാം സ്ഥാനം കിട്ടി. ഇതിലും അഭിനയിച്ച കല്യാണിയും അഭിജിതും മികച്ച നടീ- നടന്മാരായി. യു.പി വിഭാഗം സംസ്കൃത നാടകത്തിലും 'ചിലപ്പതികാരം" അവതരിപ്പിച്ച് അനന്ദുവിന്റെ കുട്ടികൾ രണ്ടാം സ്ഥാനം നേടി. ഇതിൽ തകർത്തഭിനയിച്ച അനാമിക മികച്ച നടിയുമായി. എല്ലാ കുട്ടികളും നരിയമ്പാറ എം.എം.എച്ച്.എസിലെ വിദ്യാർത്ഥികളാണ്. അനന്ദു ഇതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 'വിടരാൻ കൊതിച്ച പൂമൊട്ട്" എന്ന നാടകത്തിലെ പ്രകടനത്തിന് 2015ലെ ജില്ലാ കലോത്സവത്തിൽ മികച്ച നടനായത്. ഏകാഭിനയത്തിലും അന്ന് ഒന്നാമതെത്തി. ഇത്തവണ നെടുങ്കണ്ടം, കട്ടപ്പന ഉപജില്ലകളിലായി ആറ് നാടകങ്ങളാണ് അനന്ദു അരങ്ങിലെത്തിച്ചത്. ഇതിൽ അഞ്ചെണ്ണത്തിന് ഒന്നാം സ്ഥാനവും ഒന്നിന് രണ്ടാം സ്ഥാനവും കിട്ടി. എന്നാൽ ഇതിൽ മൂന്ന് ടീമുകളാണ് ജില്ലാതലത്തിൽ മത്സരിക്കാനെത്തിയത്. കാ‌ഞ്ചിയാർ വൈശ്യംപറമ്പിൽ ഉല്ലാസിന്റെയും രജനിയുടെയും മകനാണ് അനന്ദു.