കട്ടപ്പന: മരുതനാൽ വീട്ടിൽ ഇന്നലെ സമ്മാന പെരുമഴയായിരുന്നു. സഹോദരങ്ങളായ അനുനന്ദയും ആദിത്യയും ചേർന്നാണ് മാങ്കടവിലുള്ള വീട്ടിലേക്ക് ഒരുപിടി സമ്മാനങ്ങളെത്തിച്ചത്. അനുജത്തി അനുനന്ദ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനവും മോഹനിയാട്ടത്തിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ ചേച്ചി ആദിത്യ കേരളനടനത്തിലും മോഹിനിയാട്ടത്തിലും സംഘനൃത്തത്തിലും ഒന്നാമതെത്തി. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹൈസ്കൂളിൽ പത്തിലും ഏഴിലുമാണ് ഇരുവരും പഠിക്കുന്നത്. മൂന്നാർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഗിരീഷിന്റെയും ദിവ്യയുടെയും മക്കളാണ്.