കട്ടപ്പന: നാല് ദിനങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിലെ ആവേശപോരാട്ടത്തിനൊടുവിൽ ഓവറോൾ കീരീടത്തിൽ മുത്തമിട്ട് കട്ടപ്പന. നിരവധി വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴയെ മറികടന്ന് കട്ടപ്പന ഉപജില്ല ഓവറോൾ നേടുന്നത്. യു.പി വിഭാഗത്തിൽ 148 പോയിന്റും എച്ച്.എസ്.എസ് വിഭാഗത്തിൽ 343 പോയിന്റുമായാണ് കട്ടപ്പന കിരീടം ചൂടിയത്. തൊടുപുഴ ഉപജില്ല എച്ച്.എസ് വിഭാഗത്തിൽ 361 പോയിന്റുമായി ഒന്നാമതും എച്ച്.എസ്.എസ് വിഭാഗത്തിൽ 330 പോയിന്റുമായി രണ്ടാമതുമെത്തി. യു.പി വിഭാഗത്തിൽ നെടുങ്കണ്ടവും എച്ച്.എസ് വിഭാഗത്തിൽ കട്ടപ്പനയുമാണ് രണ്ടാമത്. സ്‌കൂൾതലത്തിൽ എച്ച്.എസ് വിഭാഗത്തിൽ 131 പോയിന്റും എച്ച്.എസ്.എസ് വിഭാഗത്തിൽ 138 പോയിന്റുമായും കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് ഓവറോൾ കിരീടം സ്വന്തമാക്കി. യു.പി വിഭാഗത്തിൽ 49 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസ് ഒന്നാമതെത്തി. ആകെ 54 അപ്പീലുകളാണ് ഈ കലോത്സവത്തിൽ ലഭിച്ചത്.