കട്ടപ്പന: ഇത്തവണയും പച്ചക്കല്ലുമാല വിവാദം വിടാതെ കലോത്സവം. പച്ചക്കല്ലുമാല ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് മാത്രം നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനം നൽകുന്നെന്നു ആരോപിച്ച് മത്സരാർത്ഥിയുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിൽ വിധികർത്താക്കളുടെ മുന്നിൽ ബഹളംവച്ചു. മത്സരാർത്ഥി വിധികർത്താക്കളുടെയും മാദ്ധ്യമങ്ങളുടെയും മുന്നിൽ പൊട്ടിക്കരഞ്ഞു. ഒരു നൃത്ത അദ്ധ്യാപകൻ പരിശീലിപ്പിക്കുന്ന കുട്ടികൾക്ക് മാത്രം ഒന്നാം സ്ഥാനം നൽകുന്നെന്നാണ് ഇവരുടെ ആരോപണം. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ വിദ്യാർത്ഥി ദേവിക പ്രദീപും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയത്. എച്ച്.എസ് മോഹിനിയാട്ട മത്സരം പൂർത്തിയായ വിധികർത്താക്കളുടെ അടുത്ത് എന്താണ് തെറ്റ് സംഭവിച്ചതെന്നു രക്ഷിതാക്കൾ ചോദ്യം ഉയർത്തി. എന്നാൽ വിധി കർത്താക്കൾ പ്രതികരിച്ചില്ല. ഇതിനിടെ സംഘാടക സമിതി ഇടപെട്ടു രക്ഷിതാക്കളോടും, മത്സരാർത്ഥിയോടും ഡി.ഡിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഡി.ഡിയുടെ അടുത്ത് പരാതി നൽകാൻ എത്തിയപ്പോൾ ഡി.ഡി ഒമ്പതാം ക്ലാസ് അല്ലേ ഇനിയും അവസരം ലഭിക്കും എന്നു പറഞ്ഞ് വിദ്യാർഥിനിയെ മടക്കി അയച്ചെന്നാന്നു ആരോപണം. സ്ഥലത്തു ബഹളം രൂക്ഷമായതോടെ പൊലീസും സംഘാടക സമിതിയും ഇടപെട്ട് മത്സരാർത്ഥിയോട് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥിയും രക്ഷിതാക്കളും വിഷയത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.