തൊടുപുഴ: ദീനദയ സേവാട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഫാമിലി കൗൺസലിംഗ് സെന്റർ കോലാനി ഗോകുലം ബാലഭവൻ കേന്ദ്രീകരിച്ച് ആരംഭിക്കും. സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് തൊടുപുഴ ഇ. എ. പി ഹാളിൽ നടക്കുന്ന ചടങ്ങിൽ തൊടുപുഴ കുടുംബകോടതി ജഡ്ജ് പി. സി. പോളച്ചൻ നിർവ്വഹിക്കും. ദീനദയാൽ ട്രസ്റ്റ് ചെയർമാൻ പി. എൻ. എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വനിതാ ശിശുവികസന ഓഫീസർ സോഫി ജേക്കബ്, നഗരസഭാ കൗൺസിലർമാരായ ആർ. അജി, കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. കെ. പി ജഗദീശ് ചന്ദ്ര സ്വാഗതവും കെ. പി. വേണുഗോപാൽ നന്ദിയും പറയും. 11 ന് മനസ്, ആരോഗ്യം, സന്തോഷം, വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡോ. മാത്യു കണമല ക്ളാസെടുക്കും.
വ്യക്തിഗത കൗൺസലിംഗ്, ഫാമിലി കൺസലിംഗ് , പ്രീ മാരിറ്റൽ കൗൺസലിംഗ്, കുട്ടികളിലെ പഠനവൈകല്യങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കൽ തുടങ്ങിയവയ്ക്ക് സൗകര്യങ്ങൾ കൗൺസലിംഗ് സെന്ററിൽ ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ജി. ആശ, ടി. കെ. വിഷ്ണുപ്രിയ . അനീന സഹായ് എന്നിവരാണ് കൗൺസലിംഗ് നടത്തുക. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി. എൻ. എസ് പിള്ള, ചീഫ് എക്സിക്യൂട്ടീവ് ട്രസ്റ്റി കെ. പി. ജഗദീശ് ചന്ദ്ര, വൈസ് ചെയർമാൻ പ്രൊഫ. പി. ജി. ഹരിദാസ്, അംഗങ്ങളായ കെ. പി . വേണുഗോപാൽ, പി. ആർ. രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.