തൊടുപുഴ: ഈസ്റ്റേൺ കമ്പനിയുടെ സുനിദ്ര കിടക്ക നിർമാണ യൂണിറ്റിൽ വൻ അഗ്‌നിബാധ. അഗ്‌നിബാധയിൽ ബെഡുകളും അനുബന്ധ സാധനങ്ങളും നിർമാണ യൂണിറ്റും കത്തി നശിച്ചു. ബെഡുകളും നിർമാണ സാമഗ്രികളും കത്തി നശിച്ചതിൽ തന്നെ ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. നിലം പൊത്തിയ കെട്ടിടത്തിന്റെ നഷ്ടം ഇതു വരെ കണക്കാക്കിയിട്ടില്ല.
അഗ്‌നിരക്ഷാ സേനയുടെ അഞ്ചു ഫയര്‍‌സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് തൊടുപുഴയ്ക്കു സമീപം മണക്കാട് പുതുപ്പരിയാരം റൂട്ടിൽ അങ്കംവെട്ടിക്കവലയിൽ പ്രവർത്തിക്കുന്ന കിടക്ക നിർമാണ യൂണിറ്റിലെ ഗോഡൗണിൽ തീ പിടുത്തമുണ്ടായത്. പരിസരവാസികൾ ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. അസി. സ്‌റ്റേഷൻ ഓഫീസർ പി.വി.രാജന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തീ നിയന്ത്രണാധീതമായിരുന്നു. പിന്നീട് മൂവാറ്റുപുഴ, മൂലമറ്റം, കലൂർക്കാട്, കോതമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ തീയണയ്ക്കാൻ സ്ഥലത്തെത്തി. ഈ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാരും നാട്ടുകാരും പരിശ്രമിച്ചാണ് ഇന്നു രാവിലെ എട്ടരയോടെ അഗ്‌നിബാധ നിയന്ത്രിച്ചത്. എങ്ങനെയാണ് കമ്പനിയിൽ തീ പിടുത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയായതിനാൽ ജിവനക്കാരില്ലാതിരുന്നതും സമീപത്തേക്കു പടർന്നു പിടിക്കാതിരുന്നതും വലിയ ദുരന്തമൊഴിവാക്കി. സംഭവത്തിൽ പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗവും അന്വേഷണം നടത്തി.