തൊടുപുഴ : നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 14-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 13 മുതൽ 16 വരെ സിൽവർഹിൽസ് സിനിമാസിൽ നടക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യൻമാരുടെ മികച്ച സിനിമകൾക്കൊപ്പം ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമാകുന്ന ചിത്രങ്ങളും പ്രദർശനത്തിനുണ്ടാകും. എല്ലാ ദിവസവും മീറ്റ് ദ ഡയറക്ടർ, ഓപ്പൺ ഫോറം, സാംസ്‌കാരിക സദസ് എന്നിവയും ഉണ്ടാകും.
ചലച്ചിത്ര സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഫിലിം ഫെസ്റ്റിവലിലേക്ക് 1000 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുന്നത്. ഡെലിഗേറ്റ് ഫീസ് 150 രൂപയായിരിക്കും. തൊടുപുഴ മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ നിർമ്മല ഷാജി, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, തപസ്യ ജില്ലാ സെക്രട്ടറി ഷാജി എസ്.എൻ., ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, സെക്രട്ടറി യു.എ. രാജേന്ദ്രൻ, എൻ. രവീന്ദ്രൻ, എം.എം. മഞ്ജുഹാസൻ, സാംസ്‌കാരസാഹിതി ജില്ലാ ചെയർപേഴ്സൺ നിഷാ സോമൻ, സാഹിത്യവേദി സെക്രട്ടറി രമാ പി. നായർ, ഇൻസ സെക്രട്ടറി സജിത ഭാസ്‌ക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ജെ. ജോസഫ് എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, ഫിലിം സൊസൈറ്റി ഭാരവാഹികളായ ബാബു പള്ളിപ്പാട്ട്, യു.എ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.