തൊടുപുഴ: വാഹനങ്ങളിൽ നിന്നു പെട്രോളും ബേക്കറിയിൽ നിന്ന് കവർ പാൽ മോഷ്ടിക്കുകയും ചെയ്ത ആറംഗ സംഘത്തെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. വിവിധ മോഷണക്കേസുകളിൽ പ്രതികളായവരും പിടിയിലായ സംഘത്തിലുണ്ട്. കമ്പംമെട്ട് പുളിക്കൽപീടികയിൽ റോഷൻ ആന്റണി (25) , ചേർത്തല സ്വദേശികളായ പൂതക്കുളത്ത് നിതിൻ (ഉണ്ണി20) , മുല്ലപ്പടിക്കാവ് പുളിയ്ക്കൽ അഖിൽ പോൾ (31) , അരീപ്പറമ്പ് തെക്ക് ചക്കാലവേലി ശ്രീകാന്ത് ( 19) , മായിത്തറ ചാരപ്പറമ്പ് രാഹുൽ (20), അരീപ്പറമ്പ് കറുകല്ലിൽ അമൽ (19) എന്നിവരെയാണ് എസ്‌ഐ എം.പി.സാഗറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. വാടകക്കാറിൽ സഞ്ചരിച്ചായിരുന്നു പ്രതികൾ മോഷണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയോടെ ഒളമറ്റത്തെ പയനിയർ ബേക്കറിയുടെ മുൻപിൽ വച്ചിരുന്നു ഒൻപത് പായ്ക്കറ്റ് പാൽ കാറിലെത്തിയ സംഘം മോഷ്ടിച്ചു. പിന്നീട് സമീപത്തെ ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയായിലിരുന്ന ബൈക്കുകളിൽ നിന്നും പെട്രോളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. കാറിന്റെയും നാലു പ്രതികളുടെയും ചിത്രങ്ങൾ ഇതിൽ നിന്നും ലഭിച്ചു. കാർ ചേർത്തലയിലുള്ള ആളുടേതാണെന്ന് കണ്ടെത്തി. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ചേർത്തലയിൽ നിന്നും പ്രതികൾ പിടിയിലാകുകയായിരുന്നു. ചേർത്തലയിൽ നിന്നും വിനോദ യാത്രക്കായി വന്നതാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ പിടിയിലായ റോഷൻ ആന്റണി വിവിധ മോഷണക്കേസുകളിൽ പ്രതിയാണെന്നും ഇയാളാണ് സംഘത്തിനു നേതൃത്വം നൽകുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഇടുക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.