ഇടുക്കി: ഒറ്റപ്പെട്ട് കഴിയുന്നവരുടെ പിന്തുണക്ക് കുടുംബശ്രീ ഒരു വർഷമായി നടത്തുന്ന സ്‌നേഹിത കോളിംഗ് ബെല്ലിന്റെയും ഫ്രണ്ട്‌സ് അറ്റ് ഹോം പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് പോലീസ് അസ്സോസിയേഷൻ ഹാളിൽ ജില്ലാ പൊലീസ് മേധാവി ടി നാരായണൻ നിർവ്വഹിക്കും. കുടുംബശ്രീ ജില്ലാമിഷനും സ്റ്റുഡന്റ് പൊലീസ് കേഡറ്റും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങൾ സ്‌നേഹിത കോളിംഗ് ബെൽ സേവന സ്വീകർത്താക്കളുടെ ഭവന സന്ദർശനം നടത്തി സാമൂഹിക പിന്തുണ നൽകും. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുമായി സഹകരിച്ചാണ് നടത്തുന്നത്. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ പ്രമോദ് കെ.വി പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ മുഖ്യ പ്രഭാഷണംനടത്തും. നാർകോട്ടിക് സെൽ ഡിവൈഎസ് പി കെ.എ അബ്ദുൾ സലാം ഫ്രണ്ട്‌സ് അറ്റ് ഹോം പദ്ധതി വിശദീകരിക്കും.