കരിങ്കുന്നം: തൊടുപുഴ- പാലാ റോഡിൽ കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിനും കരിങ്കുന്നം ടൗണിനും മധ്യത്തിലൂടെ നെടിയകാട് മുതൽ ബിൽടെക് ജംഗ്ഷനിലേക്ക് ബൈപാസ് റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങൾ കടന്നപോകുന്ന പ്രധാന പ്രദേശമാണ് കരിങ്കുന്നം. പുനലൂർ- മൂവാറ്റുപുഴ ഹൈവേയിൽ ഏറ്റവും വീതി കുറഞ്ഞ ജംഗ്ഷനാണിവിടം. ഇതുമൂലം യാത്രക്കാർ ഏറെ ദുരിതം അനുഭവിക്കുന്നു. കൂടാതെ റോഡപകടങ്ങളും പെരുകുകയാണ്. ഹയർസെക്കൻഡറി സ്‌കൂളിലേക്കും പഞ്ചായത്ത്, വില്ലേജ്, വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലേക്കും ദിവസേന ആയിരക്കണക്കിന് ആളുകളാണ് വന്നു പോകുന്നത്. വർഷങ്ങളായി കരിങ്കുന്നം ടൗണിൽ ഗതാഗത കുരുക്ക് മൂലം യാതൊരു വികസനവും നടക്കുന്നില്ല. ബൈപാസ് നിർമ്മിക്കുന്നതോടെ കരിങ്കുന്നം ടൗൺ കൂടി വികസിക്കും എന്നുള്ളതുകൊണ്ട് ഈ മേഖലയുടെ സമഗ്ര വികസനത്തിന് ബൈപാസ് നിർമിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) കരിങ്കുന്നം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബെന്നി തോമസ് വാഴചാരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ ബെന്നി പാമ്പയ്ക്കൻ, അഡ്വ. ബിനു തോട്ടുങ്കൽ, ജുണീഷ് അഗസ്റ്റിൻ കള്ളിക്കാട്ട്, സ്റ്റീഫൻ ചേരിയിൽ, ജോസ് കളരിക്കൽ, റോളക്സ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.