തൊടുപുഴ: ഫിൻലാൻഡിലെ യൂണിവേഴ്സിറ്റി ഒഫ് ഹെൽസിങ്കിയുമായി സഹകരിച്ച് ഗ്രീൻ സിറ്റി, ഫ്യൂച്ചർ സിറ്റി എന്നീ ബോധവത്കരണ പരിശീലന പരിപാടികൾ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ നടപ്പാക്കി. ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വെൻച്വർ വില്ലേജ്' എന്ന ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഒക്‌ടോബർ മുതൽ ആരംഭിച്ച പദ്ധതിയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരികയായിരുന്നു. പദ്ധതിയുടെ പരിസമാപ്തി കുറിച്ചുകൊണ്ട് അദ്ധ്യാപകരും രക്ഷകർത്താക്കളും അതിഥികളും പങ്കെടുത്ത ചടങ്ങിൽ വെൻച്വർ വില്ലേജിന്റെ സാരഥികളായ ഡോ. അനൂപ് ജിനദേവൻ, ഇ.ആർ. ഉണ്ണികൃഷ്ണൻ, എസ്സ ഹോങ്കാനൻ, ടൂലാ ഹോങ്കാനൻ എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതംകൃഷ്ണ വെൻച്വർ വില്ലേജ് ഗ്രൂപ്പിന് നന്ദി അറിയിച്ചു. തുടർ വർഷങ്ങളിലും ഈ പദ്ധതി ആവശ്യമായ ഭേദഗതികളോടെയും കൂടുതൽ ഫലപ്രദമായും നടത്തുമെന്ന് വെൻച്വർ വില്ലേജിന്റെ സാരഥികൾ അറിയിച്ചു.
രണ്ട് പദ്ധതികൾ ഇവ
പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ഗ്രീൻസിറ്റി എന്ന പദ്ധതിയും വാണിജ്യ-വ്യവസായ സംരംഭവും സാമ്പത്തിക ക്രയവിക്രയവും നികുതി വ്യവസ്ഥയുമെല്ലാമടങ്ങുന്ന ഫ്യൂച്ചർ സിറ്റി പദ്ധതിയുമാണ് നടപ്പാക്കിയത്.
1. ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയോടെയുള്ള ഉപഭോഗത്തിലൂടെ ഭക്ഷ്യ മാലിന്യത്തിന്റെ തോത് ഏറ്റവും കുറയ്ക്കുക, മറ്റ് മാലിന്യങ്ങളുടെ ഉചിതമായ സംസ്‌കരണത്തിലൂടെ പരിസരമലിനീകരണം ഒഴിവാക്കുക എന്നിവയ്ക്ക് പുതിയ മാതൃകകൾ അവതരിപ്പിക്കുന്നതായിരുന്നു ഗ്രീൻ സിറ്റി പദ്ധതി.
2. വിവിധ വാണിജ്യ-വ്യവസായങ്ങൾ ആരംഭിക്കേണ്ടതെങ്ങനെ, അതിനായി ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകൾ എങ്ങനെ സഹായകരമായി പ്രവർത്തിക്കുന്നു, എപ്രകാരം എന്തിന് നികുതി ഈടാക്കുന്നു, നികുതിപണം സർക്കാർ എങ്ങനെ വിനിയോഗിക്കുന്നു എന്നും ഇതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ എങ്ങനെ ഡിജിറ്റൽ ഇക്കോണമി സമ്പ്രദായത്തിൽ നടത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഫ്യൂച്ചർ സിറ്റി എന്ന പ്രോഗ്രാമിൽ അവതരിപ്പിച്ചത്.