ഇടുക്കി: സമൂഹത്തിൽ ഒറ്റപെട്ടു കഴിയുന്നവർക്ക് പിന്തുണ ഉറപ്പാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ ആന്റ് ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണി പൊലീസ് അസോസിയേഷൻ ഹാളിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് പി. സുകുമാരൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷനും സ്റ്റുഡന്റ് പൊലീസ് കേഡറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ എസ്.പി.സി അംഗങ്ങൾ സ്‌നേഹിത കോളിംഗ് ബെൽ സേവന സ്വീകർത്താക്കളുടെ ഭവന സന്ദർശനം നടത്തി സാമൂഹിക പിന്തുണ നൽകും. വിദ്യാർത്ഥികൾക്ക് സാമൂഹിക ഇടപെടലിനുള്ള അവസരം, സാമൂഹിക അവബോധം സൃഷ്ടിക്കുക, വിവിധ തലമുറകളുടെ കൂട്ടായ്മ എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അയൽക്കൂട്ടങ്ങളുമായി സഹകരിച്ച് കുടുംബശ്രീയാണ് സ്‌നേഹിത കോളിംഗ്‌ബെൽ നടപ്പാക്കിയിരുന്നത്. കുട്ടികളിൽ സാമൂഹ്യപ്രതിബദ്ധതയും സഹായമനസ്‌കതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡൻസ് പോലീസിനെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുമായി സഹകരിച്ചാണ് ജില്ലയിൽ ആദ്യഘട്ട പരിപാടി നടത്തുന്നത്. ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ പ്രമോദ് കെ.വി മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡൻസ് പൊലീസ് കേഡറ്റ് സെൽ (ഇൻചാർജ്) സബ് ഇൻസ്‌പെക്ടർ എസ്.ആർ. സുരേഷ് ബാബു, കുടുംബശ്രി ജില്ലാമിഷൻ കോ- ഓർഡിനേറ്റർ അജേഷ് ടി.ജി, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ ഷാജിമോൻ പി.എ, വാഴത്തോപ്പ് സി.ഡി.എസ് ചെയർപേഴ്സൺ ജിജി ബാബു എന്നിവർ സംസാരിച്ചു.