മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ ആടിനെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു കൊന്നു. ശനിയാഴ്ച വൈകിട്ട് മൂന്നിന് കാന്തല്ലൂർ കട്ടിനയാട് താമസിക്കുന്ന തവമണിയുടെ രണ്ട് വയസ് പ്രായമുള്ള ആടിനെയാണ് പെരുമ്പാമ്പ് കൊന്നത്. വീടിന് സമീപത്ത് കെട്ടിയിരുന്ന ആടിന്റെ കരച്ചിൽകേട്ട് വീട്ടുകാർ എത്തിയപ്പോൾ ആടിനെ വലിയ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ് കിടക്കുന്നതാണ് കണ്ടത്. വീട്ടുകാരും വളർത്തുനായും ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് പെരുമ്പാമ്പ് ആടിനെ ഉപേക്ഷിച്ച് സമീപത്തെ കാട്ടിലേക്ക് ഇഴഞ്ഞുമാറി. ആടിനെ പരിചരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോൾ തന്നെ ആട് ചത്തു. വീട്ടമ്മ തങ്കം കാന്തല്ലൂർ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി സമീപ വനമേഖലയിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. രണ്ട് മാസത്തിനിടെ കട്ടിയനാട് ഭാഗത്തെ അയ്യപ്പൻ, മുരുകൻ, വേലാണ്ടി എന്നിവരുടെ ആട്ടിൻകുട്ടികളെ കാണാതായിരുന്നു. തവമണിയുടെ രണ്ട് മാസം പ്രായമുള്ള കന്നുകുട്ടിയെ ചത്തനിലയിലും കണ്ടെത്തിയിരുന്നു. ഇവയെ പെരുമ്പാമ്പ് കൊന്നതാകാമെന്ന് കരുതുന്നു. മറയൂരിലെ വനമേഖലയോട് ചേർന്ന് നിരവധി മലമ്പാമ്പുകളെയാണ് സമീപ ദിവസങ്ങളിൽ പിടികൂടിയത്. പെരുപാമ്പുകളുടെ ജനവാസകേന്ദ്രങ്ങളിലെ സാന്നിധ്യം കാരണം പ്രദേശവാസികൾ ആശങ്കയിലാണ്.