മുട്ടം: സ്വരലയ സംഗീത കലാലയത്തിന്റെ പതിനേഴാമത് വാർഷികാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മുട്ടം റൈഫിൾ ക്ലബ് ആഡിറ്റോറിയത്തിൽ നടക്കും. ശാസ്ത്രീയ സംഗീതം, ലളിത ഗാനം, ഓർഗൻ, ഗിറ്റാർ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, യോഗ, കുങ്ഫു തുടങ്ങിയ വിവിധ ഇനങ്ങളിലാണ് സ്വരലയ സംഗീത കലാലയം പരിശീലനം നൽകുന്നത്. അറക്കുളം, തൊടുപുഴ, കല്ലൂർക്കാട്, ഈരാറ്റുപേട്ട തുടങ്ങിയ ഉപജില്ലാ കലോത്സവങ്ങളിൽ സ്വരലയ സംഗീത കലാലയത്തിലെ വിദ്യാർത്ഥികൾ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിരുന്നു. ഇന്ന് നടക്കുന്ന വാർഷിക ആഘോഷം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷത വഹിക്കും. സ്വരലയ ഡയറക്ടർ സുജിത് കൃഷ്ണൻ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവർ സംസാരിക്കും.