തൊടുപുഴ: പട്ടയ ക്രമീകരിക്കൽ ഉത്തരവുകൾ സർക്കാർ പിൻവലിക്കുംവരെ സമരവുമായി മുമ്പോട്ട് പോകുമെന്ന് സി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഇതിന്റെ ഭാഗമായി നവംബർ 30 ന് ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ ആസ്ഥാനങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. ഡിസംബർ ഒന്നിന് പീരുമേട്, ഡിസംബർ മൂന്നിന് ഇടുക്കി, നാലിന് തൊടുപുഴ, അഞ്ചിന് ദേവികുളം എന്നിവിടങ്ങളിലും സായാഹ്ന ധർണകൾ നടത്തും. ഇതിന്റെ ഭാഗമയി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗങ്ങൾ ചേരും. 26ന് രാവിലെ 11ന് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ഹാളിൽ നെടുങ്കണ്ടം, രണ്ടിന് രാജകുമാരി മണ്ഡലം കമ്മിറ്റി ഹാളിൽ ഉടുമ്പൻചോല, 27ന് രാവിലെ 11ന് കുമളി ഡി.ടി.പി.സി ഹാളിൽ പീരുമേട്, രണ്ടിന് ഏലപ്പാറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഏലപ്പാറ, 28 ന് 11ന് ഇടുക്കി ഡി.സി.സി ഓഫീസ് ഹാളിൽ ഇടുക്കി, രണ്ടിന് കട്ടപ്പന കോൺഗ്രസ് ഹാളിൽ കട്ടപ്പന ബ്ലോക്ക്, 29ന് 11ന് തൊടുപുഴ രാജീവ് ഭവനിൽ തൊടുപുഴ ബ്ലോക്ക്, രണ്ടിന് കരിമണ്ണൂർ മണ്ഡലം കമ്മിറ്റി ഹാളിൽ കരിമണ്ണൂർ ബ്ലോക്ക്, 30ന് 11ന് അടിമാലി ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഹാളിൽ അടിമാലി ബ്ലോക്ക്, മൂന്നിന് മൂന്നാർ ഐ.എൻ.ടി.യു.സി ഓഫീസ് ഹാളിൽ മൂന്നാർ ബ്ലോക്ക് എന്നിവയുടെ യോഗം ചേരും. ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ കോൺഗ്രസ് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് ഭരണം ഇല്ലാത്തിടത്ത് പാർലമെന്ററി പാർട്ടി നേതാക്കൾ എന്നിവരുടെ യോഗം രാവിലെ ഒമ്പത് മുതൽ ഒന്ന് വരെ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.