വഴിത്തല പി.എസ്.സി മത്സര പരീക്ഷാ പരിശീലന സ്ഥാപനമായ വഴിത്തല ഇംഗ്ളീഷ് അക്കാദമിയിൽ സൗജന്യ എൽ.ഡി ക്ളാർക്ക് ഒരുക്ക സെമിനാർ 24 ന് രാവിലെ 10 ന് നടക്കും. പത്താംക്ളാസ് യോഗ്യതയുള്ള പതിനെട്ട് വയസ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. ഫോൺ : 9497679943.
കായകൽപ്പ് പുരസ്കാരം ഏറ്റുവാങ്ങി
തൊടുപുഴ : കായകൽപ്പ് 2018 അവാർഡ് തൊടുപുഴ ജില്ലാ ആശുപത്രി അധികൃതർ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി. ശുചിത്വത്തെയും രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും മുൻനിർത്തിയാണ് അവാർഡ് ലഭിച്ചത്. മൂന്ന് വർഷത്തിലധികമായി ജില്ലാ ആശുപത്രി കായകൽപ്പ് പുരസ്കാരം നേടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് പുരസ്കാരമായി ലഭിച്ചത്. അവാർഡ് ഭാവി പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാണെന്നും അതുൾക്കൊണ്ട് ജനങ്ങൾക്ക് മെച്ചപ്പെട്ട സേവന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും സൂപ്രണ്ട് അറിയിച്ചു.
വൺ ഇന്ത്യ വൺ പെൻഷൻ മുനിസിപ്പൽ യോഗം
തൊടുപുഴ : വൺ ഇന്ത്യ വൺ പെൻഷൻ തൊടുപുഴ മുനിസിപ്പൽ യോഗം തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് പി.എം മാനുവലിന്റെ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പ്രസിജന്റ് രതീഷ് കിഴക്കേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം റോജർ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് റെജി പൈലി, മണ്ഡലം പ്രസിഡന്റ് അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.
മസ്റ്ററിംഗ് നടത്തണം
ആലക്കോട് : ആലക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 30നകം അക്ഷയ കേന്ദ്രത്തിൽ എത്തി മസ്റ്രറിംഗ് നടത്തണം. എത്താൻ ബുദ്ധിമുട്ടുള്ള കിടപ്പ് രോഗികളുടെ വിവരം കുടുംബാംഗങ്ങൾ മുഖേന രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്ക് 29 ന് മുമ്പായി അപേക്ഷ നൽകണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.
സംഭരണവില ഉയർത്തി
തൊടുപുഴ : നാടൻ കോഴി, താറാവ്, കാട മുട്ടകളുടെ സംഭരണ വില വർദ്ധിപ്പിക്കാൻ കാഡ്സ് ഭരണ സമിതി തീരുമാനിച്ചു. കോഴിമുട്ട 5.50 ൽ നിന്നു ം 6.50 ആയും താറാവ് മുട്ട 9.50 ൽ നിന്നും 10 രൂപയായും കാടമുട്ട 1.90 ൽ നിന്നും 2.25 രൂപയുമായാണ് വർദ്ധിപ്പിച്ചത്. മുട്ടയുടെ ഉത്പ്പാദന ചിലവിൽ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് സംഭരണവില വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് സെക്രട്ടറി കെ.വി ജോസ് അറിയിച്ചു.