കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയെ അന്വേഷണ സംഘം തെളിവെടുക്കാനായി കട്ടപ്പനയിൽ കൊണ്ടുവന്നപ്പോൾ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത് വൻജനാവലി. സി.ഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പേരാമ്പ്രയിൽ നിന്ന് ഇന്നലെ രാവിലെ 6.45ന് കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തിച്ച ജോളിയെ ഒമ്പതോടെ കനത്ത സുരക്ഷയിലാണ് വാഴവരയിലുള്ള പഴയ കുടുംബവീട്ടിലെത്തിച്ച് തെളിവെടുത്തത്. ജോളിയെ കട്ടപ്പനയിലെത്തിച്ചതറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നിൽ രാവിലെ തന്നെ നിരവധിപ്പേരാണ് തടിച്ചു കൂടിയത്. ജോളിയെ പൊലീസ് ജീപ്പിലേക്ക് കയറ്റിയപ്പോൾ ജനം കൂക്കിവിളിച്ചു. വാഴവരയിലെ അയൽവാസികളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം 11.30ന് അന്വേഷണ സംഘം ജോളിയെ കട്ടപ്പന വലിയകണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. വലിയകണ്ടത്തെ വീടിനു മുന്നിലും നാട്ടുകാരും അയൽവാസികളും തിങ്ങി നിറഞ്ഞിരുന്നു. കറുത്ത ചുരിദാറും ചുവപ്പും മഞ്ഞയും ചേർന്ന ഷാളുമായിരുന്നു ജോളിയുടെ വേഷം. ഷാൾ തലവഴിമൂടി മുഖം മറിച്ചിരുന്നു. ആളുകൾ കൂക്കുവിളിക്കുമ്പോഴും കമന്റടിക്കുമ്പോഴും ഒരു കൂസലുമില്ലാതെ ജോളി അന്വേഷണസംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് നീങ്ങി. കേസിൽ നിർണായ വിവരങ്ങളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. അടുത്ത ദിവസങ്ങളിൽ നെടുങ്കണ്ടം, പാല തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഉപരിപഠനത്തിനും ജോലിക്കുമെന്ന പേരിൽ ജോളി താമസിച്ച ഹോസ്റ്റലുകളിലും ബന്ധുവീടുകളിലുമാണ് തെളിവെടുപ്പ് നടത്തുക. ഡിവൈ.എസ്.പി എൻ.പി. രാജശേഖർ, സി.ഐ വി.എസ്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.
ഇഷ്ടമില്ലാത്ത നായയെ കൊന്ന് തുടക്കം
17 വർഷം മുമ്പ് വാഴവരയിലെ കുടുംബവീട്ടിലുണ്ടായിരുന്ന വളർത്തു നായ പരിചയമുള്ള ബന്ധുക്കൾ വീട്ടിൽ വന്നാൽ സ്‌നേഹം പ്രകടിപ്പിച്ച് ദേഹത്തേക്ക് കയറുമായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോളി നായയെ ഡോഗ്കിൽ എന്ന വിഷം നൽകി കൊല്ലുകയായിരുന്നു. നായയെ കൊന്ന ധൈര്യത്തിലാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാൻ ജോളി തീരുമാനിച്ചത്. തുടർന്ന് വളർത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയിൽ നിന്ന് ഡോഗ്കിൽ വാങ്ങി ആട്ടിൻസൂപ്പിൽ ചേർത്താണ് അന്നമ്മയെ കൊലപ്പെടുത്തിയത്.
ഡോഗ്കിൽ മാരകവിഷം
വായിൽ നിന്നും മൂക്കി നിന്നും നുരയും പതയും വന്ന്, ഞരമ്പുകൾ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മരണമാണ് ഡോഗ്കിൽ വിഷം അകത്ത് ചെന്നാൽ സംഭവിക്കുക. ഈ വിഷം നിലവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരോധിച്ചിട്ടുണ്ട്.