ചെറുതോണി: വാഴത്തോപ്പ് കൊക്കര കുളത്ത് പേയിളകിയ നായ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം നായയെ തല്ലി കൊന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അക്രമണകാരിയായ നായയെ പ്രദേശവാസികൾ കണ്ടത്. ഓടി നടന്ന നായ നിരവധി വളർത്തു മൃഗങ്ങളെ കടിച്ചു. മാടവന ബിജു, കൊച്ചു പറമ്പിൽ ജിജി, മാടവന ബൈജു, മാങ്കുഴിയിൽ കലേഷ്, കുഞ്ചുകുന്നേൽ രാജു എന്നിവരുടെ ആട്, പശു, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾക്കാണ് കടിയേറ്റത്. സംഭവം അറിഞ്ഞതോടെ ആളുകൾ വീടുകൾ പൂട്ടി അകത്തിരുന്നു, സ്ഥലം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ റിൻസി സിബി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഇടുക്കി പൊലീസിന്റെ വാഹനത്തിന് മുമ്പിലാണ് ഈ നായ വന്ന് ചാടിയത്. ഉടനെ സമീപത്തെ വേലി പൊളിച്ച കമ്പ് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥർ നായയെ കൊല്ലുകയായിരുന്നു. പൊലീസിന്റെ സമയോജിതമായ ഇടപെടലിനെ ജനങ്ങൾ പ്രശംസിച്ചു. ഇടുക്കി എസ്.ഐ ടി.സി. മുരുഗൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജീനു ആർ, ചന്ദ്രൻ, നജീബ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കടിയേറ്റ വളർത്തു മൃഗങ്ങൾക്ക് കുത്തിവെയ്‌പ്പെടുക്കാൻ തടിയമ്പാട് വെറ്റിനറി ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.ജിഷ, ഡോ.ക്ലിന്റൻ എന്നിവർ സ്ഥലത്തെത്തി.