umadeavi

മറയൂർ: പുതുതായി വാങ്ങിയ മിക്സി രണ്ടായിരം രൂപയ്ക്ക് വിറ്റ് മദ്യപിച്ച ഭർത്താവിനെ വീട്ടമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അതിർത്തി പ്രദേശമായ തിരുപ്പൂർ മംഗലംപാറയിലാണ് സംഭവം. തിരുപ്പൂർ ടെയിലറിംഗ് യൂണിറ്റിലെ തൊഴിലാളിയായ വെങ്കടേഷിനെയാണ് (49) ഭാര്യ ഉമാദേവി (47) കൊലപ്പെടുത്തിയത്.

കഴിഞ്ഞ 17നാണ് സംഭവം. മിക്സി വിറ്റതിനെ തുടർന്നുണ്ടായ വഴക്കിനിടെ ഉമാദേവി കൈയിൽ കിട്ടിയ തടികഷ്ണം കൊണ്ട് വെങ്കടേഷിന്റെ തലയ്ക്കടിച്ചു. കുഴഞ്ഞു വീണപ്പോൾ മദ്യലഹരിയിലാണെന്ന് കരുതിയെന്ന് ഉമാദേവി പൊലീസിനോട് പറഞ്ഞു. പിന്നീട് വന്ന് നോക്കിയപ്പോഴാണ് തലയിൽ നിന്നു രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബോധരഹിതനായി കിടന്ന വെങ്കടേഷിനെ ബൈക്കിൽ നിന്ന് മറിഞ്ഞു വീണതാണെന്ന് പറഞ്ഞ് ടാക്സിയിൽ കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വെങ്കടേഷ് മരിച്ചു.

വീടിന് സമീപത്ത് അപകടം നടന്നതായി മംഗലം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അപകടം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്താൻ സാധിച്ചില്ല . ഇന്നലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ വടികൊണ്ടുള്ള ശക്തമായ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. പൊലീസിന്റെ ചോദ്യംചെയ്യലിൽ ഉമാദേവി കുറ്റം സമ്മതിക്കുകയായിരുന്നു. ഏകമകൻ നവേദൻ.