തൊടുപുഴ: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കുൾപ്പെടെയുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ തൊടുപുഴ നഗരത്തിലും ട്രാഫിക് പൊലീസ് പരിശോധന കർശനമാക്കി. റോഡിൽ വാഹനങ്ങൾ തടഞ്ഞു നിറുത്തി ജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന രീതിയിൽ പരിശോധന പാടില്ലെന്ന നിർദേശത്തെ തുടർന്ന് ആദ്യഘട്ടമായി മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു പരിശോധന. റോഡിൽ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി ഉടമകളെ കണ്ടെത്തി ഇവർക്ക് നോട്ടീസ് അയയ്ക്കും. പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നും വാഹനയുടമകളെ കണ്ടെത്തും. നോട്ടീസ് ലഭിക്കുന്ന ഉടമകൾ നിയമാനുസൃതമുള്ള പിഴയടച്ചാൽ തുടർ നടപടികളിൽ നിന്നൊഴിവാകും. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ ഹെൽമറ്റില്ലാ യാത്ര, രണ്ടിൽ കൂടുതൽ പേരുടെ യാത്ര, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സഞ്ചാരം എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഇതിൽ നിന്ന് നമ്പർ തിരിച്ചറിഞ്ഞ് നോട്ടീസ് അയക്കും. തൊടുപുഴയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 47 കാമറകൾ ഇതിനായി ഉപയോഗപ്പെടുത്തും.

''മുന്നറിയിപ്പ് നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് കർശന നടപടികളുമായി ട്രാഫിക് പൊലീസ് രംഗത്തിറങ്ങുന്നത്. നൽകുന്ന നോട്ടീസിന് പിഴയടച്ചില്ലെങ്കിൽ കോടതിയിൽ സമൻസയക്കും.

-ടി.എം. ഇസ്മയിൽ (ട്രാഫിക് എസ്‌.ഐ)​

ഇന്നലെ കുടുങ്ങിയത് 60

തൊടുപുഴയിൽ ഇന്നലെ നടത്തിയ കാമറാ നിരീക്ഷണത്തിൽ ഹെൽമറ്റില്ലാതെ വാഹനമോടിച്ച 60 പേർ കുടുങ്ങി. ഒരു ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്ത കേസിലും പിഴയീടാക്കി. രണ്ടു മാസത്തിനുള്ളിൽ പ്രത്യേകം വികസിപ്പിച്ചെടുക്കുന്ന ആപ്പ് ഉപയോഗിച്ചായിരിക്കും വാഹനയുടമകൾക്ക് നോട്ടീസ് നൽകുക.

ഹെൽമറ്റിന് വൻഡിമാൻഡ്

ഹെൽമറ്റ് കർശനമാക്കിയതോടെ നഗരത്തിലെ കടകളിൽ ഹെൽമറ്റിന് ഡിമാൻഡേറി. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കുറഞ്ഞ വിലയുള്ള ഹെൽമറ്റ് ചോദിച്ച വരുന്നവരേറെയാണ്. വഴിയോരങ്ങളിലെ ഹെൽമറ്റ് വിൽപ്പന കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരും ഏറെയാണ്. മിക്ക കടകളിലും കുട്ടികളുടെ ഹെൽമറ്റ് കൂടുതൽ സ്റ്റോക്ക് ചെയ്ത് തുടങ്ങി. 600 രൂപ മുതൽ ഐ.എസ്.ഐയുള്ള ഹെൽമെറ്റ് ലഭ്യമാണെങ്കിലും ന്യൂജെൻ യുവാക്കളിൽ പലർക്കും 5000 രൂപ മുതൽ മുകളിലുള്ള വില കൂടിയ ഹെൽമറ്റുകളോടാണ് പ്രിയം.

എവിടെ സൂക്ഷിക്കും

കുടുംബസമേതം പുറത്തുപോകുന്നവർ ബൈക്ക് പാർക്ക് ചെയ്ത ശേഷം ഹെൽമറ്റ് സൂക്ഷിക്കാൻ എന്ത് ചെയ്യുമെന്നാണ് പൊതുജനം ചോദിക്കുന്നത്. സ്‌കൂട്ടറിന്റെ ഉള്ളിൽ ഒരു ഹെൽമെറ്റ് വയ്ക്കാൻ മാത്രമേ സൗകര്യമുള്ളൂ. പുറത്തുവച്ചാൽ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. ഹെൽമറ്റില്ലെങ്കിൽ ഇനി ലിഫ്‌റ്റ് ലഭിക്കില്ലെന്ന സ്ഥിതിയാണെന്ന പരാതിയും ഉയരുന്നുണ്ട്. വാഹനമില്ലെങ്കിലും ഹെൽമറ്റ് ഇവരും വാങ്ങേണ്ടി വരും.

റോഡ് കൂടി നന്നാക്കണേ...

''ആദ്യം നഗരത്തിലെ റോഡുകളിലെ കുണ്ടും കുഴിയും അടയ്ക്കൂ,​ എന്നിട്ടു മതി ഹെമെറ്റ് ധരിക്കാത്തതിന്റെ പേരിൽ നടപടികൾ.""- ബാങ്ക് ജീവനക്കാരനായ സുധീഷ് വിശ്വനാഥൻ പറയുന്നു. തകർന്ന റോഡിൽ വീണാൽ ഹെൽമറ്റ് വരെ തകരും. ഹെൽമറ്റ് തലയെ സംരക്ഷിക്കും. വീഴ്ചയുടെ ആഘാതത്തിൽ ശരീരം തന്നെ തളർന്നാൽ എന്തു ചെയ്യും. അതുകൊണ്ട് റോഡുകൾ സഞ്ചാരയോഗ്യമാക്കുക പ്രധാന കാര്യമായി എടുക്കണം. ഒപ്പം ഹെൽമറ്റും ധരിക്കണമെന്നാണ് സുധീഷിന്റെ അഭിപ്രായം.