രാജകുമാരി: നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ 12 പേരുമായി ആശുപത്രിയിലേക്ക് പോയ ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ബൈസൺവാലി മുട്ടുകാടിന് സമീപം ഇന്നലെ രാവിലെ എട്ടോടെ 14 തമിഴ് തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചതിന് പിന്നാലെയാണിത്. സൂര്യനെല്ലി സ്വദേശിനികളായ കാർത്തിക (30), അമല (50) എന്നിവരാണ് മരിച്ചത്. ഈ അപകടത്തിൽ പരിക്കേറ്റവരുമായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകവെയാണ് ആംബുലൻസ് ബൈക്കിൽ ഇടിച്ച് തമിഴ്‌നാട് അല്ലിനഗരം സ്വദേശി തങ്കരാജ് (65) മരിച്ചത്.
പെരിയകനാൽ മുട്ടുകാട് റോഡിൽ കൊടും വളവിൽ നിയന്ത്രണം നഷ്ടമായ ജീപ്പ് വഴിയുടെ ഇടതുവശത്തെ മൺതിട്ടയിൽ ഇടിച്ചു നിറുത്താൻ ഡ്രൈവർ ഉദയകുമാർ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ജീപ്പ് പല തവണ മലക്കം മറിഞ്ഞ് കൊക്കയിൽ പതിക്കുകയായിരുന്നു. ജീപ്പ് മറിയുന്നതിനിടെ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണതിനാൽ സാരമായി പരിക്കേറ്റില്ല. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർത്തിക സംഭവസ്ഥലത്ത് വച്ച് മരിച്ചു. അമലയെ അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റവരെ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ആംബുലൻസ് അപകടത്തിൽപ്പെടുന്നത്. അല്ലിനഗരം സ്വദേശി തങ്കരാജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്ക് കാര്യമായ പരിക്കില്ല.
മുട്ടുകാട് അപകടത്തിൽ പരിക്കേറ്റ മുരുകേശ്വരി (26), ഇസക്കിയമ്മ (50), ശുഭ ലക്ഷ്മി (59), ദീപലക്ഷ്മി (24), വനജ (60), റോജ (57), രാജേശ്വരി (45), സുഭദ്ര (31), പൊന്മണി (40), പഞ്ചകം (58) വനസുന്ദരി (27), കലപെരുമാൾ (39) എന്നിവർ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമല, കാർത്തിക എന്നിവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
സുരേഷാണ് കാർത്തികയുടെ ഭർത്താവ്.
ഒന്നര വയസുകാരി സംഗീത എക മകളാണ്.
ചിന്നക്കനാൽ പഞ്ചായത്ത് മുൻ അംഗമായിരുന്നു മരിച്ച അമല. ഭർത്താവ് തമിഴ് സെൽവൻ. മക്കൾ: സതീഷ്, വിജയ്. മരുമക്കൾ: കീർത്തി, ദിവ്യ.