തൊടുപുഴ: ഇടുക്കിയിലെ ഭൂവിഷയങ്ങൾ പരിഹരിക്കാൽ സർവ്വകക്ഷിയോഗം വിളിച്ചുചേർക്കാത്ത ഗവൺമെന്റിന്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാനെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു . നിയമ സഭയിൽ യു.ഡി.എഫ് നേതാക്കൾ അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോൾ ഉടൻതന്നെ സർവ്വ കക്ഷി യോഗം വിളിച്ച് ചേർത്ത് പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യ മന്ത്രി നിയമ സഭ സമ്മേളനം കഴിഞ്ഞ് വിദേശയാത്രക്ക് പുറപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ സാധണക്കാരായ ജനങ്ങൾ അവരുടെ ജീവനോപാധികൾ പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിയിട്ടും ഈ വിഷയം പരിഹരിക്കുന്നതിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്ന ജില്ലയിൽ നിന്നുള്ള മന്ത്രി എംഎം മണി സർവ കക്ഷിയോഗം വിളിച്ചു ചേർക്കേണ്ടതായിരുന്നു. ആ നിലയിൽ ജില്ലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇടതുപക്ഷ നേതൃത്വത്തിന്റെ ആത്മാർത്ഥത ഇല്ലായ്മ പ്രകടമാകുമ്പോൾ ഈ കാര്യത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സിപിഎം ജില്ലയിലെമ്പാടും ജാഥ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ്.റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ മൗനം ദീക്ഷിക്കുന്നതും ഇക്കാര്യത്തിൽ പ്രതിവിധി ഉണ്ടാക്കാൻ മുൻകൈ എടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് ഇടുക്കിയിലെ മലയോര കർഷകരോടുള്ള വെല്ലുവിളിയാണെന്നും എംപി പറഞ്ഞു.