തൊടുപുഴ: തൊടുപുഴയിൽ കള്ളന്മാർ പൂണ്ടുവിളയാടിയിട്ടും ഒരാളെ പോലും ഇതുവരെ പിടികൂടാനാകാതെ നാണംകെട്ട് പൊലീസ്. അരിക്കുഴയിൽ വീട്ടമ്മയെ ആക്രമിച്ച് നിലത്ത് വീഴ്ത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവർന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. മാലയുമായി കടന്നുകളഞ്ഞ പ്രതികളുടെ സി.സി ടി.വി ദൃശ്യമടക്കം കിട്ടിയിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയുമില്ലാതെ തൊടുപുഴ പൊലീസ് ഇരുട്ടിൽതപ്പുകയാണ്. കഴിഞ്ഞ എട്ടിനായിരുന്നു അരിക്കുഴ പാറക്കടവ് നടുതൊട്ടിയിൽ പരേതനായ രാജുവിന്റെ ഭാര്യ അനിതയുടെ (44) മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നത്. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ അനിതയുടെ വലതുകാലിന് മുകളിലൂടെ പിന്നാലെയെത്തിയ കാർ കയറിയിറങ്ങി. കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നുമുള്ള പതിവ് പല്ലവി മാത്രമാണ് പൊലീസിന് പറയാനുള്ളത്. ഇങ്ങനെ മോഷണ പരമ്പര അവസാനമില്ലാതെ തുടരുകയാണ്. ഒരു ദിവസം പുറപ്പുഴയിലാണെങ്കിൽ പിറ്റേന്ന് മൂലമറ്റത്ത്,​ അതിന് പിറ്റേന്നാകട്ടെ അറക്കുളത്ത്... തിരുവോണ നാളിൽ രാത്രി സപ്ലൈക്കോ ഓഫീസിന്റെ ഭിത്തി തുരന്ന് പണമടക്കം അമ്പതിനായിരത്തിലേറെ രൂപയുടെ ഉത്പന്നങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. മാസങ്ങൾക്ക് മുമ്പ് മൂലമറ്റം, അറക്കുളം, വഴിത്തല, മാറിക ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നിരുന്നു.

മോഷണം തുടർക്കഥ

മൂന്ന് മാസത്തിനിടയിൽ 14 മോഷണങ്ങൾ ഈ പ്രദേശത്ത് നടന്നിരുന്നെങ്കിലും ആരെയും പിടികൂടിയില്ല. മോഷണം തുടർക്കഥയായതോടെ നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

സ്വയം രക്ഷപ്പെടുക

തനിച്ചുപോകുന്ന സ്ത്രീകൾ ബൈക്കിൽ വരുന്ന സംഘത്തിന്റെ മോഷണത്തിനിരയാകാതിരിക്കാൻ സ്വയംപ്രതിരോധിക്കുക മാത്രമാണ് രക്ഷ.

 തനിയെ പോകുന്ന സ്ത്രീകൾ സ്വർണാഭരണങ്ങൾ കഴിവതും കുറയ്ക്കുക

 അപരിചിതർ വഴി ചോദിച്ചാൽ പരമാവധി അകലം പാലിച്ച് മറുപടി നൽകുക

 ബൈക്കിൽ അപരിചിതർ പിന്തുടർന്നാൽ ഉടൻ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കുക

 മോഷണം നടന്നാൽ ഉടൻ തന്നെ പൊലീസിനെയോ കൺട്രോൾ റൂമിലോ വിളിക്കുക