കുമളി: പേര് ഹൈടെക് സ്കൂളെന്നൊക്കെയാണ്. പക്ഷേ, പരിസരം കണ്ടാൽ പേടിയാകും. നിറയെ കുറ്റിക്കാടുകളും പാമ്പിൻ മാളങ്ങളും. കുമളി ഗവ. ഹൈസ്‌കൂളിൽ വിവിധ ബ്ലോക്കുകളായി പ്രവർത്തിക്കുന്ന ക്ലാസ് മുറികളുടെയും ശുചി മുറികളുടെയും അവസ്ഥയാണിത്. ഇവിടേക്ക് എന്ത് വിശ്വസിച്ച് തങ്ങളുടെ പൊന്നോമനകളെ അയക്കുമെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു. ഇതാണോ സർക്കാർ ഊറ്റം കൊള്ളുന്ന മികവിന്റെ കേന്ദ്രങ്ങളെന്ന് ഇവർ ചോദിക്കുന്നു. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്‌കൂളാണിത്. വിദ്യാർത്ഥികൾ എത്തുന്ന നടപ്പാതകളുടെ ഇരുവശവും കുറ്റിചെടികൾ നിറഞ്ഞതാണ്. ശുചി മുറികളിലേക്കും ക്ലാസ് മുറികളിലേക്കും വിദ്യാർത്ഥികൾ പോകുന്ന പരിസരവും കാടുകയറിയ നിലയിലാണ്. പല ക്ലാസ് മുറികളുടെ വരാന്തയിലും ഗർത്തങ്ങൾ ഉണ്ട്. വയനാട് ബത്തേരി സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം മനുഷ്യ മനസാക്ഷിയെ നൊമ്പരമായി മാറിയിട്ടും കുട്ടികളുടെ സുരക്ഷിത്വതം ഉറപ്പാക്കാൻ സ്‌കൂൾ അധികൃതരോ രക്ഷാകതൃ സമിതിയോ തയ്യാറാവുന്നില്ല. സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ പരിശോധന നടത്തി വിദ്യാഭ്യാസ വകുപ്പ് സുരക്ഷ ഉറപ്പാക്കുമ്പോൾ ജില്ലയിലെ ഡി.ഡിയടക്കമുള്ളവർക്ക് ഒരു കൂസലുമില്ലെന്നാണ് ആക്ഷേപം.
30നകം റിപ്പോർട്ട് നൽകണം
തൊടുപുഴ: ജില്ലയിലെ സ്‌കൂളുകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച് ഈ മാസം 30 നകം റിപോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിർദേശം. ക്ലാസ് മുറികൾ, സ്‌കൂൾ പരിസരങ്ങൾ എന്നിവയെല്ലാം പരിശോധിച്ച് സമഗ്ര റിപോർട്ട് നൽകാനാണ് എ.ഇ.ഒ അടക്കമുള്ളവർക്ക് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് പരിശോധനകൾ ആരംഭിച്ചതായും എ.ഇ.ഒ പറഞ്ഞു.