ചെറുതോണി: ഇടുക്കി അണക്കെട്ട് കാണുന്നതിനായി ജില്ലാസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് അറിവു ലഭിക്കുന്ന വിവിധ ടൂറിസം കേന്ദ്രങ്ങളുണ്ടെങ്കിലും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇതുമൂലം നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകളുൾപ്പെടെ വിവിധ ടൂറിസം പോയിന്റുകൾ സന്ദർശിക്കാൻ പുരാവസ്തു വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വനംവകുപ്പും അവസരം ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയുടെയും, വെള്ളാപ്പാറ ദേവീ ക്ഷേത്രത്തിനും സമീപമായാണ് മുനിയറകളുള്ളത്; പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചാരനള്ള് ഗുഹയിൽ നിന്നും മുന്നൂറ് മീറ്റർ മാത്രം ദൂരമേ ഇവിടേയ്ക്കുള്ളൂ. ആദിവാസികൾ പുരാതന കാലത്ത് മൃതദേഹം സംസ്‌കരിച്ചിരുന്നത് മുനിയറകളിലായിരുന്നു. കരിങ്കൽ പാളികൾകൊണ്ട് നാല് സൈഡും മുകൾഭാഗവും മറച്ചിരിക്കുന്ന രീതിയിലാണ് മുനിയറകൾ നിർമിച്ചിരിക്കുന്നത്. വെള്ളപ്പാറയിൽ കണ്ടെത്തിയ മുനിയറകൾ അഞ്ച് അറകളായി തിരിച്ച വിധത്തിലാണ്. ഇവിടെയെത്തുന്ന സന്ദർശകർക്ക്, കുയിലിമലയ്ക്ക് സമീപമുള്ള മൈക്രോവ്, മുനിയറകൾ, ശലഭോദ്യാനം, കൊലുമ്പൻ സമാധി, എക്കോ ഷോപ്പ് വനം വകുപ്പ് അണക്കെട്ടിലാരംഭിച്ച എല്ലാ ദിവസവുമുള്ള ബോട്ടിംഗ് എന്നിങ്ങനെ പാക്കേജ് ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു. ഇവിടെ മുനിയറകളും, ശലഭ ഉദ്യാനവും ഉണ്ടെന്നുള്ള വിവരം അറിയാതെയും കാണാതെയുമാണ് വിനോദസഞ്ചാരികൾ കടന്ന് പോകുന്നത്. ഇത് പൊതുജനങ്ങളുടെയും, യാത്രികരുടെയും ചരിത്രപുരാവസ്തു ഗവേഷക വിദ്യാർത്ഥികളുടെയും ശ്രദ്ധയിൽ പെടുത്താൻ ബന്ധപ്പെട്ട മൂന്ന് വകുപ്പുകളും മുൻകൈയെടുക്കണമെന്നും ഇതിനായി മൂലമറ്റം അശോകക്കവല മുതൽ വെള്ളാപ്പാറ വരെയും, കട്ടപ്പന, നേര്യമംഗലം എന്നീ പാതകളിൽ സൂചനാബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് സന്ദർശകരാവശ്യപ്പെടുന്നു.
കാടുമൂടി മുനിയറ
വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മുനിയറകളുള്ളത്, ഈ പ്രദേശമുൾപ്പെടുന്ന സ്ഥലത്ത് ഊരാളി വിഭാഗത്തിലുള്ള ആദിവാസി ഗോത്ര വിഭാഗത്തിലുള്ളവരാണ് താമസിച്ചിരുന്നത്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ആദിവാസികൾ മാറിത്താമസിക്കുകയായിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും അശ്രദ്ധയും മൂലം മുനിയറ നിലനിൽക്കുന്ന പ്രദേശം കാട് മൂടിക്കിടക്കുകയാണ്.