തൊടുപുഴ: മദ്യപിച്ചു ബസോടിക്കുന്ന ഡ്രൈവർമാരെ പിടികൂടാനായി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ട്രാഫിക് പൊലീസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാവിലെ ബ്രീത്ത് അനലൈസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ മദ്യപിച്ച സ്വകാര്യ ബസ് ഡ്രൈവറെ പിടികൂടി. മൂവാറ്റുപുഴ- തൊടുപുഴ- ചീനിക്കുഴി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ ബിബിനെയാണ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതു സംബന്ധിച്ചു മോട്ടർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ നിർദേശ പ്രകാരം വേറെ ഡ്രൈവറെ ഉപയോഗിച്ചാണ് ബസിന്റെ സർവീസ് തുടർന്നത്. യൂണിഫോം ധരിക്കാത്തതിന് രണ്ടു ഡ്രൈവർമാരിൽ നിന്ന് 250 രൂപ വീതം പിഴ ഈടാക്കി. 46 സ്വകാര്യ ബസുകളും 13 കെ.എസ്.ആർ.ടി.സി ബസുകളും മൂന്ന് സ്‌കൂൾ ബസുകളും ഉൾപ്പെടെ ആകെ 62 വാഹനങ്ങൾ പരിശോധിച്ചു. ട്രാഫിക് എസ്‌.ഐ ടി.എം. ഇസ്മായിലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 7.30 മുതൽ എട്ടു വരെയായിരുന്നു പരിശോധന. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനു വരും ദിവസങ്ങളിലും നഗരത്തിൽ പരിശോധന കർശനമായി തുടരുമെന്ന് ട്രാഫിക് എസ്‌.ഐ പറഞ്ഞു.