ചെറുതോണി:കഞ്ഞിക്കുഴിയിലുമുണ്ട് നല്ലൊരു ബസ് സ്റ്റാന്റ്, എന്നാൽ ഇവിടേയ്ക്ക് ബസുകൾ വരില്ലെന്ന് മാത്രം. ബസ് സ്റ്റാന്റിനായി ലക്ഷങ്ങൾ മുടക്കിയതൊക്കെ പാഴായ അവസ്ഥയായി. ഇവിടം പിന്നെ സാമൂഹ്യവിരുദ്ധരുടെ താവളമായില്ലെങ്കിലേ അത്ഭുതമുള്ളു.മദ്യം വാങ്ങിക്കൊണ്ട് വന്ന് ഇവിടെ പലയിടങ്ങളിലായി ചെറു സംഘമായി മദ്യപിക്കുന്നവരും ഒറ്റയ്ക്കൊറ്റക്കുള്ളവരും കഞ്ചാവിന്റെ ലഹരി പടത്താനുള്ള ഫ്രീക്കൻമാർ മുതൽ സ്ഥിരം പറ്റുകാരുമൊക്കെ താവളമുറപ്പിച്ചിരിക്കുകയാണ്.
ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയായിട്ട് വർഷങ്ങളായി. എന്നാൽബസ്സുകൾ സ്റ്റാൻഡിൽ ഇതുവരെയായി പ്രവേശിച്ചിട്ടില്ല. ഇതൊടെ ലക്ഷങ്ങൾ മുടക്കി ബസ്റ്റാൻഡിലെ ഷോപ്പിങ്ങ് കോപ്ലക്സ് വാടകയ്ക്ക് എടുത്ത വ്യാപാരികളും കടക്കെണിയിലായി. പഞ്ചായത്ത് കർശന നിർദ്ദേശം നൽകുകയും നിയമം നടപ്പാക്കാൻ പൊലീസിനോടാവശ്യപ്പെടുകയും ചെയ്താൽ ബസ്സുകളെല്ലാം സ്റ്റാൻഡിൽ പ്രവേശിക്കും. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമതിയുടെ കാലത്താണ് ബസ്സ്റ്റാന്റ് നിർമാണം പൂർത്തിയാക്കിയത്.എന്നാൽ അത് വേണ്ടുവിധം പരിപാലിച്ച് വരുമാനവും നാട്ടുകാർക്ക് ഉപകാരപ്രുവുമാക്കുന്ന കാര്യത്തിൽ നിലവിലെ ഭരണ സമിതിയക്ക് താൽപര്യമില്ലാത്തതും ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലവുമാണ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണം എന്നും ആരോപണമുണ്ട്.
യാത്രക്കാരുടെ സൗകര്യവും ബസുകൾക്ക് സമയക്രം ചിട്ടപ്പെടുത്തി പോകുന്നതിനുൾപ്പടെ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാകുന്ന ബസ്റ്റാന്റാണ് നാഥനില്ലാ കളരിപോലെ കിടക്കുന്നത്.