ചെറുതോണി: പ്രളയത്തിൽ തകർന്ന പാലം പുനർ നിർമ്മിക്കാത്തതിനാൽ ഒറ്റപ്പെട്ട് കൊക്കരക്കുളം ഗ്രാമം. കഴിഞ്ഞ പ്രളയത്തിലാണ് ഇവിടേയ്ക്കുള്ള പ്രധാന പാലം പൂർണ്ണമായി തകർന്ന് പോയത്, തടിയമ്പാട് അശോകക്ക വല യിൽ നിന്നാരംഭിച്ച് കൊക്കരക്കുളം, വാസുപ്പാറ, ഭൂമിയാംകുളം എന്നിവിടങ്ങളിലേയ്ക്ക് എത്തിച്ചേരുന്ന ജില്ലാ ആസ്ഥാന ഗ്രാമപഞ്ചായത്തായ വാഴത്തോപ്പിന്റെ ഒന്നും രണ്ടും വാർഡുകൾ വേർതിരിയുന്ന സ്ഥലത്തെ പാലമാണ് ഒലിച്ചുപോയത്. പാലം തകർന്നതിനെ തുടർന്ന് വാഹന ഗതാഗതം സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ്, ഇതു മൂലം നൂറ് കണക്കിന്ന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. നഴ്സറി സ്‌കൂൾ വിദ്യാർത്ഥി കളക്കം പ്രദേശവാസികൾ താൽകാലികമായി ഇരുവശങ്ങളെ ബന്ധിപ്പിക്കുന്ന മരത്തടിക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്.വൃദ്ധരും, കിടപ്പു രോഗികളുമായവരെ അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ ചുമന്ന് മറുകരയിൽ എത്തിക്കേണ്ട അവസ്ഥയിലാണ്. ഇരുപത്തി അഞ്ച് വർഷം മുമ്പ് ഒരു ലക്ഷത്തോളം രൂപ മുടക്കി നിർമ്മിച്ച വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായിരുന്നു കൊക്കരക്കുളം പാലം. പാലം പുനർനിർമാണത്തിനായി ജില്ലാ പഞ്ചായത്ത് വിഹിതം നൽകാൻ തയ്യാറാണെന്നങ്കിലും ഗ്രാമപഞ്ചായത്ത് പാലം നിർമാണത്തിന് ഫണ്ട് അനുവദിക്കാത്തതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കാൻ പോലും കഴിയാത്തതെന്ന് പറയപ്പെടുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് ഉൾപ്പെടുന്ന പ്രദേശമായിട്ടും ബന്ധപ്പെട്ടവർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പാലം പുനർനിർമ്മാണത്തിന് ത്രിതല പഞ്ചായത്തുകൾ ആവശ്യമായ ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിക്കാത്ത പക്ഷം പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ സമരങ്ങൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.