തൊടുപുഴ: ഭൂമി പതിവ് ചട്ടങ്ങളിൽ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ജില്ലയിലെ അവശേഷിക്കുന്ന ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് നടത്തി വരുന്ന കള്ളപ്രചരണങ്ങൾ തുറന്നു കാണിയ്ക്കാനുമായി സി.പി.ഐയുടെ നേതൃത്വത്തിൽ 30 മുതൽ ഡിസംബർ മൂന്ന് വരെ ജില്ലയിൽ പ്രചരണ ജാഥ നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാറിൽ ആരംഭിച്ച് മേരിക്കുളത്ത് സമാപിക്കുന്ന ജാഥയിൽ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ജാഥാ ക്യാപ്ടനും മാത്യു വർഗീസ് വൈസ് ക്യാപ്ടനുമാണ്. ഇ.എസ്. ബിജിമോൾ എം.എൽ.എ, സി.എ. ഏലിയാസ്, കെ. സലിംകുമാർ, പ്രിൻസ് മാത്യു, ജോസ് ഫിലിപ്പ്, ടി.എം. മുരുകൻ എന്നിവരാണ് ജാഥാംഗങ്ങൾ. 30ന് വൈകിട്ട് മൂന്നിന് മൂന്നാറിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.എ. കുര്യൻ ജാഥ ഉദ്ഘാടനം ചെയ്യും. ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചിന് മേരികുളത്ത് സമാപിക്കും. വാർത്താ സമ്മേളനത്തിൽ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.യു. ജോയി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മാത്യു വർഗീസ്, തൊടുപുഴ താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.പി. ജോയി എന്നിവർ പങ്കെടുത്തു.