തൊടുപുഴ: ലോവർ ഡിവിഷൻ ക്ലാർക്ക് (വിവിധം) തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക നിലവിൽ വന്നിട്ട് 21 മാസം പിന്നിട്ടിട്ടും ഇടുക്കി ജില്ലയിലെ നിയമനം നാമമാത്രമെന്ന് പരാതി. 2018 ഏപ്രിൽ രണ്ടിന് 14 ജില്ലകളുടെയും റാങ്ക് പട്ടിക വന്നെങ്കിലും തമിഴ് മീഡിയം എഴുതിയ ഉദ്യോഗാർത്ഥികൾ കൊടുത്ത കേസ് കാരണം മൂന്ന് മാസം താമസിച്ചാണ് ജില്ലയിലെ റാങ്ക് പട്ടിക നിലവിൽ വന്നത്. നിയമന ശുപാർശ നൽകി തുടങ്ങിയത് സെപ്തംബർ മാസത്തിലാണ്. 697 പേര് മെയിൻ ലിസ്റ്റിലും അതിന്റെ മൂന്നിരട്ടി പേര് സപ്ലിമെന്ററി ലിസ്റ്റിലും ഉൾപെട്ടിട്ടുണ്ട്. ഇതുവരെ 203 പേർക്ക് നിയമന ശുപാർശ നൽകിയെങ്കിലും 150ൽ താഴെ ഒഴിവുകളാണ് ജില്ലയിൽ 21മാസം കൊണ്ട് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ എൽ.ഡി.സിയുടെ പുതിയ വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിക്കുകയും ചെയ്തു. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ കർശന നിർദ്ദേശം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

ഇതാ ഇവിടെ ഒഴിവുണ്ട്


അനിമൽ ഹസ്ബൻഡറി, എഡ്യൂക്കേഷൻ, ഹെൽത്ത് എന്നീ ഡിപ്പാർട്ട്മെന്റുകളിൽ ഇരുപതിലധികം ഒഴിവുകളുണ്ട്

ദേവികുളം താലൂക്കിലെ നാല് സ്‌കൂളുകളിൽ മാസങ്ങളായി ക്ലാർക്കുമാർ ഇല്ല.

കഴിഞ്ഞ 21 മാസങ്ങൾക്കിടയിൽ ആരോഗ്യ വകുപ്പിൽ ഒരു ആൾക്കാണ് നിയമനം കൊടുത്തത്. ഒഴിവുകൾ അനവധിയുശ്

2013 ന് ശേഷം അനിമൽ ഹസ്ബൻഡറി യിൽ ഒരാൾക്കു പോലും പി.എസ്.സി വഴി നിയമനം കൊടുത്തിട്ടില്ല.

ഇതുവരെ ഒരു ഒഴിവു പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത ഡിപ്പാർട്ട്മെന്റുകളും ഉണ്ട്.

എല്ലാം ആശ്രിതർക്കായി

പഞ്ചായത്ത്, ആരോഗ്യം, നഗരകാര്യം, ജലസേചനം, പൊലീസ്, വനം, അനിമൽ ഹസ്ബൻഡറി, എഡ്യൂക്കേഷൻ, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ആശ്രിത നിയമനം നടത്തിയതാണ് പ്രതിസന്ധികൾക്കു കാരണമായതെന്ന് ആരോപണമുണ്ട്. ഒരു വർഷം ഒരു വകുപ്പിൽ പുതുതായി ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ചുശതമാനം മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നാണ് വ്യവസ്ഥ. ഇത് ശരി വെച്ച് കൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ കർശന നിർദ്ദേശം നിലവിൽ ഉണ്ട്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ഒഴിവുകൾ ആശ്രിത നിയമനങ്ങൾക്കായി വക മാറ്റുകയാണെന്ന് ക്ലാർക് റാങ്ക് ഹോൾഡേഴ്‌സ് അസോസോസിയേഷൻ ജില്ലാ കമ്മറ്റി ആരോപിച്ചു.