തൊടുപുഴ: സുൽത്താൻബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന്റെ ആഘാതം ഇനിയും മാറിയിട്ടില്ല. ഈ സാഹചര്യം ഇടുക്കിയിലെ എവിടെയെങ്കിലുമായിരുന്നെങ്കിലോ. കടിയേൽക്കുന്നയാൾ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. കാരണം ജില്ലയിൽ ആറ് ആശുപത്രികളിൽ പാമ്പിൻ വിഷമേറ്റാൽ നൽകുന്ന ആന്റി വെനമുണ്ടെങ്കിലും ഒരിടത്തും വിദഗ്ദ്ധ ചികിത്സാ സൗകര്യമില്ല. ഇതിന്റെ ഒടുവിലത്തെ ഉദാഹരമാണ് തൊടുപുഴ ഇടവെട്ടി ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്കുണ്ടായ അനുഭവം. കുട്ടിക്ക് പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് അദ്ധ്യാപകർ ഇടവെട്ടി പ്രാഥമിക കേന്ദ്രത്തിലും തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലും എത്തിച്ചു. ജില്ലാ ആശുപത്രിയിൽ ആന്റി വെനമുണ്ടെങ്കിലും ഐ.സി.യുവോ വെന്റിലേറ്ററോ ഇല്ലാത്തതിനാൽ കുട്ടിയെ ചികിത്സിക്കാനായില്ല. തുടർന്ന് 60 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മറിച്ചായിരുന്നെങ്കിൽ വയനാട്ടിലെ പോലെ വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു. അതിനാൽ ഇടുക്കിക്കാർ പാമ്പിനെ കണ്ടാൽ 'കടിക്കല്ലേ നാഗദൈവങ്ങളേ" എന്ന് പ്രാർത്ഥിച്ച് ഓടി രക്ഷപ്പെടുകയെ വഴിയുള്ളൂ.
ആന്റിവെനമുള്ള ആശുപത്രികൾ
1. ഇടുക്കി ജില്ലാ ആശുപത്രി
2. തൊടുപുഴ ജില്ലാ ആശുപത്രി
3. നെടുങ്കണ്ടം താലൂക്കാശുപത്രി
4. പീരുമേട് താലൂക്കാശുപത്രി
5. അടിമാലി താലൂക്കാശുപത്രി
എന്താണ് പ്രശ്നം
ആറ് സർക്കാർ ആശുപത്രികളിൽ ആന്റിവെനമുണ്ട്. വിഷബാധയേറ്റ് വരുന്ന രോഗിയുടെ 10 മില്ലി രക്തമെടുത്ത് പരിശോധിച്ച് പാമ്പു വിഷമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മരുന്ന് നൽകുന്നത്. ചില രോഗികളിൽ മരുന്ന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇത്തരം സന്ദർഭങ്ങളിൽ തരണം ചെയ്യാനുള്ള വെന്റിലേറ്റർ സൗകര്യം ജില്ലയിൽ ഒരു സർക്കാർ ആശുപത്രിയിലുമില്ല.
ദൂരവും പ്രശ്നം
ജില്ലയുടെ ഭൂപ്രകൃതിക്കനുസരിച്ച് ആന്റി വെനമുള്ള ആശുപത്രികൾ ആറിടങ്ങളിൽ പോര. ഉൾപ്രദേശങ്ങളിലും ഇടമലക്കുടി പോലുള്ള ആദിവാസി ഊരുകളിലുമുള്ളവർക്ക് പാമ്പുകടിയേറ്റാൽ മണിക്കൂറുകൾ സഞ്ചരിച്ച് വേണം ചികിത്സ ലഭിക്കുന്ന സമീപ ആശുപത്രിയിലെത്താൻ. ഇതു മൂലം പലപ്പോഴും നാട്ടുവൈദ്യൻമാരെ ആശ്രയിച്ച് സ്ഥിതി വഷളാകുന്ന സംഭവങ്ങളും നിരവധിയാണ്.
'ചിലയിടങ്ങളിൽ രോഗിയുടെ അവസ്ഥയനുസരിച്ച് ചികിത്സ നൽകുന്നുണ്ട്. ശബരിമല സീസൺ പരിഗണിച്ച് രണ്ടിടങ്ങളിൽ അധികമായി ആന്റിവെനം സൂക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്."
- ഡോ. എൻ. പ്രിയ (ഡി.എം.ഒ)
''പാമ്പ് കടിയേറ്റാൽ അടിയന്തരമായി നൽകേണ്ട ആന്റിവെനം ആശുപത്രിയിൽ ഉണ്ട്. എന്നാൽ ഐ.സി.യു സൗകര്യത്തിന്റെ അഭാവത്താൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു"
- ഉമാദേവി (ആശുപത്രി സൂപ്രണ്ട്)