ഇടുക്കി: പത്താം തരം പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ജില്ലാ ശിശുക്ഷേമ സമിതിയും ഇടുക്കി ഡയറ്റും സംയുക്തമായി നടത്തുന്ന ഉത്തേജന പദ്ധതിയായ സാന്ത്വനത്തിന്റെ ഈ വർഷത്തെ ഒന്നാം ഘട്ട പരിശീലനം ആരംഭിച്ചു. 75 ശതമാനത്തിൽ താഴെ വിജയം നേടിയ ഹൈസ്‌കൂളുകളെ കേന്ദ്രീകരിച്ച് അവിടുത്തെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉത്തേജനമേകുന്നതിനും കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനു മുള്ള ക്ലാസ്സുകളും ചർച്ചകളുമാണ് സാന്ത്വനം പദ്ധതിയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി വിദ്യാലയ സന്ദർശനവും ക്ലാസും സംഘടിപ്പിക്കും. കട്ടപ്പന, തൊടുപുഴ ഡി.ഇ.ഒ. പരിധികളിലെ ഏഴ് വീതം വിദ്യാലയങ്ങളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഒന്നാം ഘട്ടം പ്രോഗ്രാമിന്റെ ഉദ്ഘാടനം സർവ്വശിക്ഷാ കേരളയുടെ ജില്ലാ കോ.ഓർഡിനേറ്റർ ബിന്ദു മോൾ.ഡി നിർവഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ.ജനാർദ്ദനൻ ആമുഖ പ്രഭാഷണവും ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സോമരാജൻ പദ്ധതി വിശദീകരണവും നടത്തി. ഹെഡ്മിസ്ട്രസ് ഷീബ മുഹമ്മദ്, ഡയറ്റ് ലക്ചറർ ജിജോ.എം.തോമസ്, ബിജോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സാജുമോൻ, കെ.ആർ.രാമചന്ദ്രൻ , പി.കെ.രാജു എന്നിവർ ക്ലാസ് നയിച്ചു.