തൊടുപുഴ: 27 വർഷം മുമ്പ് ടാക്‌സി ഡ്രൈവറായ ബെഞ്ചമിനെ കൊന്ന് കാർ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. ഉത്തമപാളയം തെക്കുതെരുവിൽ എൻ.എസ് മരുതുനായകത്തിന്റെ മകൻ ബെഞ്ചമിനെ കൊന്ന കേസിലാണ് ഗൂഡല്ലൂർ സുബയ്യതേവർ തെരുവിൽ ശെൽവരാജിനെ (സെവൻ ആണ്ടി- 60) തൊടുപുഴ ഒന്നാം അഡി. കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ അഞ്ചു വർഷം അധികതടവ് അനുഭവിക്കണം. പിഴത്തുക ബെഞ്ചമിന്റെ ബന്ധുക്കൾക്ക് നൽകണം. തനിക്ക് പ്രായമായെന്നും വൃദ്ധയായ അമ്മയ്ക്ക് താൻ മാത്രമേയുള്ളുവെന്നും ശിക്ഷയിൽ ഇളവു നൽകണമെന്നും ശെൽവരാജ് പൊട്ടിക്കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. എന്നാൽ കൊലപാതകത്തിന്റെ സൂത്രധാരൻ ശെൽവരാജാണെന്നും യാതൊരു ഇളവും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
1992 ജൂലായ് എട്ടിനായിരുന്നു നെടുങ്കണ്ടത്ത് ടാക്‌സി ഡ്രൈവറായ ബെഞ്ചമിനെ ശെൽവരാജും സംഘവും കൊലപ്പെടുത്തി കാർ തട്ടിയെടുത്തത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ശെൽവരാജ് 25 വർഷത്തിന് ശേഷമാണ് അറസ്റ്റിലായത്. രണ്ട് സ്ത്രീകളടക്കം ഏഴു പ്രതികളാണ് അറസ്റ്റിലായത്. രണ്ടുപേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചപ്പോൾ നാലുപേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. മാത്യു ഹാജരായി.