ചെറുതോണി: ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനസാന്നിധ്യവും യാത്രക്കാർക്ക് തുണയായി. കട്ടപ്പനയിൽ നിന്നും പുലർച്ചെ 4.30ന് തോപ്രാംകുടി വണ്ണപ്പുറം വഴി അട്ടപ്പാടി ആനക്കട്ടിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറായ സുജിത്താണ് യാത്രക്കാരുടെ ജീവന് സംരക്ഷകനായത്. കട്ടപ്പനയിൽ നിന്നും പുറപ്പെട്ട ബസ് രാവിലെ 6.50ന് പഴിയരിക്കണ്ടംബ്ലാത്തിക്കവലയിൽ കൊടും വളവിലും കുത്തിറക്കത്തിലും ബ്രെയ്ക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തൊട്ടുമുന്നിൽ ഇടതുവശത്തായി കണ്ട റോഡിലേക്ക് കയറ്റാനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസിന്റെ ഹാന്റ് ബ്രെയ്ക്ക് ഇടാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വാഹനത്തിന്റെ ക്ലച്ചിനും തകരാർ ഉണ്ടായിരുന്നു. പിന്നീട് തൊട്ടുമുന്നിലുണ്ടായിരുന്ന മൺതിട്ടയിലിടിപ്പിച്ച് ബസ് നിർത്തുകയായിരുന്നു. ബസിൽ 90ളം യാത്രക്കാരുണ്ടായിരുന്നു. സുജിത്തിന്റെ അവസരോചിതമായ ഇടപെടലിൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.ബസ് ഇടിച്ച്നിന്നതിന് തൊട്ട് അടുത്ത് വലിയകൊക്കയാണ്. കട്ടപ്പന ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. ഇവിടുന്നുള്ള നാലാമത്തെ ബസാണ് അടുത്തകാലത്തായി ഈ പ്രദേശത്ത് അപകടത്തിൽപെടുന്നത്.
പഴയരിക്കണ്ടംബ്ലാത്തിക്കവലയിൽ ബ്രെയ്ക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ മൺതിട്ടയിലിടിപ്പിച്ച് നിർത്തിയപ്പോൾ.