ചെറുതോണി: ഉദ്ഘാടനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ പാറേമാവ് ജില്ലാ ആയുർവ്വേദ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ അവസാന നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നിലച്ചു. വരുന്ന ജനുവരിയിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിരിക്കെയാണ് നിർമ്മാണ ഏജൻസിയും കരാറുകാരനും തമ്മിലുള്ള തർക്കം മൂലം ഇപ്പോൾ നിർമ്മാണം തടസ്സപ്പെട്ടിരിക്കുന്നത്. പി.കെ ശ്രീമതി ആരോഗ്യ മന്ത്രി ആയിരിക്കെയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് പതിനൊന്ന് വർഷത്തിനിടെ അധിക്യതരുടെയും കരാറുകാരുടെയും അനാസ്ഥ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി തവണ തടസപ്പെട്ടു. ഇതുവരെ എട്ട് കോടിയോളം രൂപ നിലവിൽ പദ്ധതിക്ക് വേണ്ടി ചിലവായിട്ടുണ്ട്, ഫണ്ടിന്റെ അപര്യാപ്തത മൂലം നാഷണൽ ഹെൽത്ത് മിഷൻ എൺപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഉത്ഘാടനം നിർമ്മാണ ഏജൻസിയുടെയും കരാറുകാരനും തമ്മിലുള്ള തർക്കം മൂലം വൈകാനാണ് സാദ്ധ്യത.
സൗകര്യം ഏറെ
ഇരുപത്തിനാല് പേരെ കിടത്തി ചികിത്സിക്കാവുന്ന പേ വാർഡ്, സ്ത്രീകൾക്ക് മാത്രമായി നാല്പത് കിടക്കകൾ, പന്ത്രണ്ട് ഡോക്ടർമാർക്ക് രോഗികള പരിശോധിക്കാൻ സൗകര്യമുളള ഒ.പി. വിഭാഗം,ഫാർമസി, ലാബ്, സർജിക്കൽ തീയറ്റർ എന്നീ സൗകര്യങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.
സർവ്വത്ര തട്ടിപ്പ്
കരാർ ജോലികളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി നിരവധി തവണ ആക്ഷേപമുയർന്നിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം ഭാഗിക അവസ്ഥയിൽ ആയിരുന്നപ്പോൾ തന്നെ തറയിൽ ടൈൽസ് പതിച്ചത് പ്രതിഷേധത്തിന് ഇടയായിരുന്നു.
പുതിയ കെട്ടിടത്തിലേയ്ക്ക് ഉദ്ഘാടനത്തിന് മുമ്പേ ബഡുകൾ, ടി.വി തുടങ്ങിയവ വാങ്ങി . ഇവ ഉപയോഗിക്കാത്തതുമൂലം നശിച്ചു.
നിർമാണം നിലച്ച പാറേമാവ് ആയുർവേദ ആശുപത്രിയുടെ കെട്ടിടം