തൊടുപുഴ: നഗരസഭ പാർക്കിന്റെ നവീകരണം ഉടൻ തന്നെ നടപ്പിലാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നവീകരണത്തിനായി 65 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകി. പാർക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നഗരസഭ സമർപ്പിച്ച പദ്ധതിയ്ക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് പദ്ധതി കൗൺസിലിന്റെ അംഗീകാരത്തിന് വച്ച് നടപ്പിലാക്കാൻ തീരുമാനിച്ചത്. പാർക്ക് നവീകരണത്തിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 2016- 17 വർഷം നഗരസഭയുടെ പ്രവർത്തിന മികവിന് അംഗീകാരമായി നൽകിയ 71 ലക്ഷം രൂപയിൽ നിന്ന് 45 ലക്ഷം രൂപയും ചേർത്താണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക. രൂപരേഖ തയ്യാറാക്കിയ കോട്ടയത്തെ എൻജിനീയറിംഗ് കോളേജിന്റെ മേൽനോട്ടത്തിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ.