തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 27 മുതൽ ജനുവരി അഞ്ച് വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കാർഷികമേളയ്ക്ക് മുന്നോടിയായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തൊടുപുഴ ചിന്നാ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേളയോടനുബന്ധിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകന് മൂന്നു ലക്ഷം രൂപയുടെ കർഷക തിലക് അവാർഡും സംസ്ഥാനത്തെ മികച്ച ഗോശാല അവാർഡ് ഒരു ലക്ഷം രൂപയും മേളയിൽ സമ്മാനിക്കുമെന്ന് സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. പറഞ്ഞു.