തൊടുപുഴ: സ്വകാര്യ ബസിന് സൈഡ് നൽകാത്തതിന് കാറിൽ വരികയായിരുന്ന വിനോദസഞ്ചാരികളായ നവദമ്പതികൾക്ക് ഡ്രൈവറുടെ തെറിയഭിഷേകവും ഭീഷണിയും. കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വച്ച് കൊല്ലം സ്വദേശിയായ ദേവനും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്. ദമ്പതികൾ മൂന്നാറിൽ പോയി കാറിൽ തിരികെ വരുമ്പോഴാണ് സംഭവം. പൂപ്പാറ- കോതമംഗലം റൂട്ടിലോടുന്ന സ്വകാര്യബസ് ആദ്യം ദേവൻ ഓടിക്കുന്ന കാറിന് പിന്നിൽ വന്ന് പേടിപ്പിക്കുന്ന വിധം ഹോണടിച്ചു. ഇടുങ്ങിയതും വളവുകളും നിറഞ്ഞതുമായ പാതയായിട്ടും ബസിനെ കടടത്തിവിട്ടു. എന്നാൽ സ്റ്റോപ്പിൽ നിറുത്തിയപ്പോൾ ബസിനെ വീണ്ടും കാർ മറികടന്നു. തുടർന്ന് പിന്നിലെത്തി വീണ്ടും ബസ് ഹോണടി തുടങ്ങി. ആറാംമൈലിനും നേര്യമംഗലത്തെത്തിയപ്പോൾ കാറിനെ മറികടന്ന് ബസ് റോഡിൽ നിറുത്തി. തുടർന്ന് ഇറങ്ങിവന്ന ഡ്രൈവർ ദേവനെ ഭാര്യയുടെ മുമ്പിൽ വച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുകയായിരുന്നു. കാറിൽ ശക്തമായി ഇടിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. പൊതുജനമദ്ധ്യത്തിൽ മറ്റ് വാഹനങ്ങൾ ബ്ലോക്കാക്കിയായിരുന്നു ഡ്രൈവറുടെ പ്രകടനം. മതിയാവോളം ചീത്ത വിളിച്ച ശേഷം അമിതവേഗത്തിൽ ഡ്രൈവർ ബസ് ഓടിച്ച് പോയി. സംഭവത്തിന് ശേഷം ദേവൻ ഊന്നുകൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവം അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി ഇവിടേക്ക് ഊന്നുകൽ പൊലീസ് കൈമാറി. തുടർന്ന് തിരുവനന്തപുരത്തെത്തിയ ദേവൻ ഗതാഗതമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ബസുകളുടെ മരണപ്പാച്ചിൽ
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ബസുകളുടെ മരണപ്പാച്ചിൽ പതിവ് സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. കെ.എസ്.ആർ.ടി.സിയായാലും സ്വകാര്യ ബസായാലും ബെല്ലും ബ്രേക്കുമില്ലാതെയാണ് പായുന്നത്. മുന്നിൽ പോകുന്ന ചെറുവാഹനങ്ങൾക്ക് പലപ്പോഴും ഒരു പരിഗണനയും നൽകില്ല. തൊട്ട് പിന്നിലെത്തി ഹോണടിച്ച് പേടിപ്പിച്ച് കാറും ബൈക്കുമുൾപ്പെടെയുള്ള വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നത് പതിവാണ്. വളവുകൾ നിറഞ്ഞ ഇടുങ്ങിയ പാതയായതിനാൽ പലപ്പോഴും സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇതേചൊല്ലി വാക്കേറ്റവും സംഘർഷവും പതിവാണ്. പല ബസ് ഡ്രൈവർമാരും ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് ചെറു വാഹനക്കാർ പറയുന്നു.
ടൂറിസത്തിനും തിരിച്ചടി
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ സഞ്ചരിക്കുന്ന 80 ശതമാനം യാത്രക്കാരും മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളാണ്. ഇത്തരത്തിലുള്ള മോശം പെരുമാറ്റം സഞ്ചാരികൾക്ക് ഇടുക്കിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ സൃഷ്ടിക്കും.
'ബസുകാരുടെ ധാർഷ്ട്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതിനടക്കം വലിയ വിമുഖത പുലർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ കുട്ടികളെ പൊലീസിന്റെ നേതൃത്വത്തിലാണ് ബസ് കയറ്റിവിട്ടത്."
- അടിമാലി സി.ഐ