തൊടുപുഴ: കുട്ടികൾക്ക് നേരെയുളള കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും ഏറ്റവും അധികം ജാഗ്രത പുലർത്തേണ്ടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ "ചൈൽഡ്പ്രൊട്ടക്ഷൻ സമിതികൾ " ഉറക്കത്തിൽത്തന്നെ .കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ ഉൾപ്പടെയുളള കുറ്റ കൃത്യങ്ങൾ ഏറ്റവും വേഗത്തിൽ കണ്ടെത്തുക,ഇത്തരം സംഭവങ്ങൾ പ്രാദേശികമായി തന്നെ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ സമിതികൾക്ക് സർക്കാർ രൂപം നൽകിയത്.കുട്ടികൾക്ക് നേരെയുളള അതിക്രമങ്ങൾ പ്രത്യകിച്ച് ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനുളള പോക്സോ നിയമം 2012 ൽ നിലവിൽ വന്നു. ഇതേ തുടർന്നാണ് പ്രാദേശികമായി കൂടുതൽ ജാഗ്രത പാലിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
എന്നാൽ പോക്സോ നിയമം നിലവിൽ വന്ന് ഏഴ് വർഷം കഴിഞ്ഞെങ്കിലും വിവിധ തരത്തിലുളള അതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനുളള പ്രാദേശിക സമിതികൾ രൂപീകരിക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറെ ജാഗ്രതക്കുറവ് കാണക്കുന്നതായിട്ടുളള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.പ്രാദേശികമായി സമിതികൾ രൂപീകരിക്കണമെന്നും കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിനുളള പ്രവർത്തനങ്ങൾ വ്യാപകമാക്കണമെന്നും സർക്കാരും സാമൂഹ്യ നീതി വകുപ്പും തദ്ദേശ സ്ഥാപനങ്ങൾക്ക് ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും അതെല്ലാം അവഗണിക്കുകയാണ്.ചില തദ്ദേശ സ്ഥാപനങ്ങൾ പേരിന് സമിതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷരുടെ നേതൃത്വത്തിൽ മൂന്ന് മാസം കൂടുമ്പോൾ സമിതികൾ യോഗം ചേരണം എന്നാണ് വ്യവസ്ഥ.തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റികൾക്കാണ് ഇത് സംബന്ധിച്ചുള്ള കൂടുതൽ ഉത്തരവാദിത്വം.തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ താല്പര്യക്കുറവാണ് ഇത്തരം പ്രവർത്തനങ്ങളിൽ പിന്നോട്ട്പോകാനുള്ള പ്രധാന കാരണമെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
അഞ്ച് വർഷം 570 കേസുകൾ
2014 ജനുവരി മുതൽ 2019 ഒക്ടോബർ വരെ ജില്ലയിൽ 570 പോക്സോ കേസുകളാണ് തീർപ്പ് കൽപ്പിക്കാതെ കോടതിയിൽ കെട്ടി കിടക്കുന്നത്.2019 ൽ 93 പോക്സോ കേസുകൾ ജില്ലയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.എന്നാൽ അറിയപ്പെടാതെയുള്ള സംഭവങ്ങൾ ഇതിലുമേറെയാണ്.
"ജില്ലയിലെ തദ്ദേശ സ്ഥാപങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുന്നതിന് കളക്ടറുമായി ആലോചിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കും"
പ്രൊ: ജോസഫ് അഗസ്റ്റിൻ, ചെയർമാൻ, ജില്ലാ ശിശുക്ഷേമ സമിതി.
തദ്ദേശ സ്ഥാപനങ്ങളിലെ ചൈൽഡ് പ്രൊട്ടക്ഷൻ സമിതി അംഗങ്ങൾ:- *നഗരസഭ ചെയർമാൻ /പഞ്ചായത്ത് പ്രസിഡന്റ്.
*നഗരസഭ / പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ. *ഐ സി ഡി എസ് സൂപ്പർവൈസർ. *കുട്ടികളുടെ പ്രതിനിധികൾ 2
*ജില്ലാ തലത്തിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ സമിതി അംഗം. *അംഗൻവാടി അദ്ധ്യാപകർ. *സ്കൂൾ മേധാവികൾ.
*ഡോക്ടർ.
*സന്നദ്ധ പ്രവർത്തകർ 2